BREAKINGENTERTAINMENTKERALA

‘അച്ഛന് മോശം അനുഭവമുണ്ടായിട്ടുണ്ട്; മോളെ എന്ന് വിളിച്ചയാള്‍ റൂമിലേക്ക് വിളിച്ചു’; സോണിയ തിലകന്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വെളിപ്പെടുത്തലുകളുമായി നടന്‍ തിലകന്റെ മകള്‍ സോണിയ തിലകന്‍. അച്ഛന് സിനിമയില്‍ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും സംഘടനയില്‍ നടന്ന പുഴുക്കുത്തുകളെ പുറത്തു പറഞ്ഞ ആളായിരുന്നു തന്റെ അച്ഛന്‍ എന്നും സോണിയ മാധ്യമങ്ങളോട് പറഞ്ഞു.
തിലകനെതിരെ ഉണ്ടാക്കിയ സംഘടനയാണ് അമ്മ സംഘടനയെന്ന് സോണിയ പറഞ്ഞു. തിലകന് തുടര്‍ച്ചയായി പുരസ്‌കാരങ്ങള്‍ ലഭിച്ചപ്പോള്‍ അവാര്‍ഡ് കുത്തക പൊളിക്കണ്ടേ എന്ന് പറഞ്ഞ് തുടങ്ങിയ സംഘടനയാണ് അമ്മ സംഘടനയെന്ന് സോണിയ പറഞ്ഞു. അമ്മ എന്നത് കോടാലിയാണെന്ന് പറഞ്ഞതിനാണ് അച്ഛനെതിരെ നടപടി ഉണ്ടായതെന്ന് മകള്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി ഒന്നും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് സോണിയ കുറ്റപ്പെടുത്തി. അച്ഛനെ പുറത്താക്കാന്‍ കാണിച്ച ആര്‍ജ്ജവം എന്ത് കൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കാണിക്കുന്നില്ലെന്ന് സോണിയ ചോദിച്ചു. എന്തിനാണ് ഇങ്ങനെ ഒരു ഇരട്ടത്താപ്പ് നയമെന്നും തിലകന്റെ മകള്‍ ചോദിച്ചു.
പവര്‍ ഗ്രൂപ്പില്‍ ആരൊക്കെയുണ്ട് എന്നത് ഇപ്പോള്‍ പറയുന്നത് ഉചിതമാകില്ലെന്ന് സോണിയ പറഞ്ഞു. പേരുകള്‍ സമയമാകുമ്പോള്‍ പറയുമെന്ന് സോണിയ പറഞ്ഞു. തനിക്കും സിനിമ മേഖലയില്‍ നിന്നും ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് സോണിയ വെളിപ്പെടുത്തി. മകളെ എന്ന് വിളിച്ച ഒരു താരം തന്നെയും റൂമിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് സോണിയ പറഞ്ഞു. അച്ഛനോട് ചെയ്ത തെറ്റില്‍ മാപ്പ് പറയണമെന്നു പറഞ്ഞാണ് വിളിച്ചത്.
മോളോട് സംസാരിക്കണമെന്നാണ് പറഞ്ഞത്. ചെറുപ്പം മുതല്‍ കണ്ടയാളാണ് ഇങ്ങനെ ചെയ്തതെന്ന് സോണിയ വ്യക്തമാക്കി. അച്ഛന്‍ തുറന്ന് പറഞ്ഞിട്ട് മുഖവിലക്കെടുക്കാത്ത ആളുകള്‍ ഞാന്‍ പറഞ്ഞാല്‍ ആരാണ് മുഖവിലക്കെടുക്കുകയെന്ന് സോണിയ ചോദിച്ചു. തനിക്കൊരു ദുരനുഭവമുണ്ടെങ്കില്‍ ഒരു പുതുമുഖ താരത്തിന്റെ കാര്യം ആലോചിക്കാവുന്നതേയുള്ളൂവെന്ന് സോണിയ പറഞ്ഞു. റിപ്പോര്‍ട്ടിലെ ബാക്കി ഭാഗങ്ങള്‍ പുറത്തുവിടണമെന്ന് സോണിയ ആവശ്യപ്പെട്ടു.

Related Articles

Back to top button