BREAKINGKERALA
Trending

അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ ദൂതന്‍, മലപ്പുറത്തെ പാവങ്ങളെ അവഹേളിക്കാന്‍ ആര് വിവരം തന്നു-ഷംസുദ്ദീന്‍

തിരുവനന്തപുരം: ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി. അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ ദൂതനെന്ന് ആരോപിച്ച് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. മുഖ്യമന്ത്രിയോ ആഭ്യന്തര വകുപ്പോ എഡിജിപിയോട് എന്തിനാണ് നിരന്തരം ആര്‍എസ്എസ് നേതാക്കളെ കാണുന്നതെന്ന് ചോദിച്ചില്ല. സന്ദര്‍ശനം മുഖ്യമന്ത്രിക്ക് വേണ്ടിയാകുമ്പോള്‍ അതിന് അജിത് കുമാര്‍ ദൂതനാകുമ്പോള്‍ ചോദിക്കാന്‍ പ്രയാസമുണ്ടാകുമെന്നും ഷംസുദ്ദീന്‍ പരിഹസിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് നേതാക്കളെ നിരന്തരംകണ്ട് എഡിജിപി മണിക്കൂറുകളോളം കണ്ട് ചര്‍ച്ച നടത്തി. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് ആഭ്യന്തര വകുപ്പിന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആര്‍എസ്എസ് ക്യാമ്പില്‍ പോയാണ് ദത്താത്രേയ എന്ന നേതാവിനെ കണ്ടത്. മറ്റൊരു നേതാവ് റാംമാധവിനെ പത്തുദിവസത്തിനു ശേഷം കോവളത്തുപോയി കണ്ടു. വയനാട്ടിലെ ദുരന്തഭൂമിയില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ വൈറ്റ് ?ഗാര്‍ഡിന്റെ ഭക്ഷണശാല എഡിജിപി പൂട്ടിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന് പരാതി കൊടുത്തു- ഷംസുദ്ദീന്‍ പറഞ്ഞു.
നിങ്ങളുടെ ഒപ്പമുണ്ടായിരുന്ന എംഎല്‍എ പുറത്തുവന്ന് എന്തൊക്കെയാണ് പറയുന്നതെന്ന് പി.വി. അന്‍വറിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം വിമര്‍ശിച്ചു. കൂടെ കിടന്നവനല്ലേ രാപ്പനി അറിയൂ എന്നായിരുന്നു പരിഹാസം. ദ ഹിന്ദു പത്രത്തില്‍ വന്ന മലപ്പുറത്തെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തേയും ഷംസുദ്ദീന്‍ വിമര്‍ശിച്ചു. മലപ്പുറത്തെ പാവപ്പെട്ട ജനങ്ങളെ അവഹേളിക്കാന്‍ ആരുതന്നു ഈ വിവരം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
അതേസമയം മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിലാണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന്മേല്‍ ചര്‍ച്ച പുരോ?ഗമിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മുഖ്യമന്ത്രിക്ക് സഭയില്‍ എത്താന്‍ കഴിയില്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു.

Related Articles

Back to top button