ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി എം ആര്‍ അജിത് കുമാറിനെ നിലനിര്‍ത്തിയതില്‍ ഇന്നത്തെ രാഷ്ട്രീയ വിശദീകരണ യോഗത്തിലും മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവച്ച് രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍. ആര്‍എസ്എസുമായി അജിത് കുമാര്‍ ബന്ധം തുടരുകയാണെന്നും അജിത് കുമാറിനെ ഇറക്കി വിടാന്‍ പാകത്തിനുള്ള തെളിവുകള്‍ താന്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും എന്നിട്ടും എഡിജിപിയെ തൊടാത്തത് അജിത് കുമാറിനെവച്ച് പലതും ചെയ്തിട്ടുണ്ട് എന്നതിന്റെ തെളിവാണെന്നും അന്‍വര്‍ പറഞ്ഞു. അജിത് കുമാറിനെ സമ്പത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടെ കൈമാറിയതാണ്. താന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിലല്ല ഇപ്പോള്‍ താന്‍ ഫോണ്‍ ചോര്‍ത്തിയതിലാണ് അന്വേഷണം നടക്കുന്നതെന്നും അതെന്താകുമെന്ന് നോക്കാമെന്നും പി വി അന്‍വര്‍ പറഞ്ഞു.
33 ലക്ഷത്തിന് ഫ്‌ലാറ്റ് വാങ്ങി 10-ാം ദിവസം 65 ലക്ഷത്തിന് മറിച്ചുവിറ്റു എന്നുള്‍പ്പെടെ അജിത് കുമാറിനെക്കുറിച്ച് തെളിവുകളോടെ താന്‍ പറഞ്ഞത് മുഖ്യമന്ത്രി ഒന്ന് അടങ്ങിക്കോട്ടെ എന്ന് വിചാരിച്ചിട്ടാണെന്ന് അന്‍വര്‍ പറയുന്നു. പൊലീസിലെ പുഴുക്കുത്തുകള്‍ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോള്‍ താന്‍ അത് വിശ്വസിച്ചുപോയി. എന്നാല്‍ അജിത് കുമാറിനെ സംരക്ഷിക്കുകയാണ് ചെയ്തത്. ഇത് എന്ത് നീതിയാണെന്നും അന്‍വര്‍ ചോദിച്ചു.
പൊലീസ് ജനത്തെ സര്‍ക്കാരിന് എതിരാക്കിയെന്ന് അന്‍വര്‍ പറയുന്നു. പാര്‍ട്ടിക്കാര്‍ക്കോ എംഎല്‍എയ്‌ക്കോ പോലും പൊലീസ് സ്‌റ്റേഷനിലെത്തി സംസാരിക്കാനാകുന്നില്ല. പാര്‍ട്ടിയുടെ കരുത്ത് എവിടെ പോയെന്ന് ചോദിച്ച അന്‍വര്‍ ജനങ്ങള്‍ ഒപ്പം നിന്നാല്‍ താനത് മാറ്റിയെടുക്കുമെന്നും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയെ താന്‍ പിതാവിനെ പോലെയാണ് കണ്ടിരുന്നത്. അദ്ദേഹം കത്തിജ്വലിച്ചിരുന്ന സൂര്യനായിരുന്നു എന്നാല്‍ ഇപ്പോള്‍ അത് കെട്ടുപോയെന്നും ജനം വെറുത്തെന്നും താന്‍ മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞു. കണ്ണുകള്‍ കലങ്ങിയാണ് താന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും വന്നതെന്നും അന്‍വര്‍ പറഞ്ഞു.
തന്നെ ഉപദ്രവിക്കാന്‍ നോക്കിയാലും കാലുവെട്ടിയാലും വീല്‍ ചെയറില്‍ ഇരുന്ന് വരെ രാഷ്ട്രീയത്തിലെ ഈ നെക്‌സസിനെ കുറിച്ച് താന്‍ സംസാരിക്കുമെന്ന് പി വി അന്‍വര്‍ നിലമ്പൂരിലെ വേദിയില്‍ പറഞ്ഞു. ഒരു അന്‍വര്‍ ഇല്ലെങ്കില്‍ മറ്റൊരു അന്‍വര്‍ ഉണ്ടാകും. ജനങ്ങള്‍ തന്നോടൊപ്പം നിന്നാല്‍, മനുഷ്യര്‍ ഒന്നിച്ചാല്‍ ഈ നെക്‌സസ് തകര്‍ക്കാന്‍ സാധിക്കും. താന്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിയും ഉണ്ടാക്കില്ലെന്നും ജനങ്ങള്‍ ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയായാല്‍ അതിനൊപ്പം ചേര്‍ന്ന് താന്‍ മുന്നില്‍ നില്‍ക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
വിപ്ലവ സൂര്യനെന്ന് വിളിച്ച് അത്യധികം ആവേശത്തോടെയാണ് ജനങ്ങള്‍ രണ്ടുമണിക്കൂറോളം നീണ്ട അന്‍വറിന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയത്. മുഖ്യമന്ത്രി തന്നെ ഭീഷണിപ്പെടുത്തിയെന്നും പേടിച്ച് മാളത്തിലിരിക്കാന്‍ വേറെ ആളെ നോക്കണമെന്നും ജനങ്ങളെ സാക്ഷിയാക്കി അന്‍വര്‍ പറഞ്ഞു. എഡിജിപിയുടെ അനധികൃത സ്വത്തുക്കളെക്കുറിച്ചും ആര്‍എസ്എസ് കൂട്ടുകെട്ടിനെ കുറിച്ചും തെളിവുകള്‍ സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ എഡിജിപിയെ സംരക്ഷിച്ചുവെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി.
കേരളം വെള്ളരിക്കാപ്പട്ടണം ആയെന്നും മാമി തിരോധനത്തിലും റിദാന്‍ വധക്കേസിലും ഉള്‍പ്പെടെ വീഴ്ചകളുണ്ടായെന്നും പൊലീസ് സ്വര്‍ണക്കടത്തിന്റെ പങ്കുപറ്റുന്നുവെന്നും ഉള്‍പ്പെടെയുള്ള മുന്‍ ആരോപണങ്ങള്‍ അന്‍വര്‍ ഇന്നും ആവര്‍ത്തിച്ചു. പൊലീസിന്റെ സ്വര്‍ണം പൊട്ടിക്കലിന് കസ്റ്റംസും കൂട്ടുനില്‍ക്കുന്നുണ്ടെന്നും കരിപ്പൂര്‍ വിമാനത്താവളം വഴി തട്ടിപ്പ് തുടങ്ങിയിട്ട് 3 വര്‍ഷമായെന്നും പി വി അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ കള്ളനാക്കാന്‍ നോക്കിയപ്പോഴാണ് താന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയതെന്നും പരമാവധി തെളിവുകള്‍ ശേഖരിച്ചെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
എത്ര വിദഗ്ധമായി സ്വര്‍ണം പാക്ക് ചെയ്താലും കസ്റ്റംസിന്റെ കൈയിലുള്ള യന്ത്രത്തില്‍ ഇത് ഡിറ്റക്ട് ചെയ്യുമെന്ന് അന്‍വര്‍ പറയുന്നു. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും ഇതിന് കണ്ണടച്ചുകൊടുക്കുന്നു. തുടര്‍ന്ന് സുജിത് ദാസിന്റെ പൊലീസ് ഇത് പിടിക്കുകയും കൊണ്ടുപോയി ഉരുക്കുകയും ചെയ്യും. സ്വര്‍ണപ്പണിക്കാരാന്‍ ഉണ്ണി ധനികനായത് എങ്ങനെയെന്ന് അന്വേഷിച്ചാല്‍ പൊലീസിന് ഇത് കണ്ടെത്താവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്ന് അന്‍വര്‍ പറഞ്ഞു. ‘ ഞാന്‍ പുറത്തുവിട്ട വിഡിയോയിലെ ക്യാരിയേഴ്‌സ് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ. അവരോട് അന്വേഷിച്ചോ. ഇല്ലല്ലോ. ഇപ്പോള്‍ അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയതിലാണ് കേസ്. നടക്കട്ടേ. നമ്മുക്ക് നോക്കാം. അന്‍വര്‍ പറഞ്ഞു. കേരളം സ്‌ഫോടനാത്മകമായ അവസ്ഥയിലാണെന്നും പൊലീസില്‍ 25% ക്രിമിനലുകളാണെന്നും അന്‍വര്‍ പറഞ്ഞു.
നിലമ്പൂരില്‍ പ്രതീക്ഷിച്ചതിലും വലിയ ജനാവലിയ്ക്ക് മുന്നില്‍ പുഷ്പന് ആദരമര്‍പ്പിച്ചുകൊണ്ടാണ് അന്‍വര്‍ തന്റെ പ്രസംഗം ആരംഭിച്ചത്. മുന്‍ സിപിഐഎം നേതാവ് ഇ എ സുകുവാണ് പരിപാടിക്ക് സ്വാഗതം പറഞ്ഞത്. തന്റെ പേര് അന്‍വര്‍ എന്നായതുകൊണ്ട് തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ അന്‍വര്‍ ഓം ശാന്തിയെന്ന് പറഞ്ഞാണ് തന്റെ പ്രസംഗം ആരംഭിച്ചത്. മത വിശ്വാസി ആയത് കൊണ്ട് വര്‍ഗീയ വാദി ആകില്ല. മറ്റു മതങ്ങളെ വെറുക്കുന്നവന്‍ ആണ് വര്‍ഗീയ വാദിയെന്നും അന്‍വര്‍ പറഞ്ഞു.