BREAKINGKERALA
Trending

അതിശക്ത മഴ മഴ തുടരുന്നു; വയനാട്ടില്‍ വനപാതയില്‍ കുടുങ്ങി 500 ഓളെ പേരെ രക്ഷപ്പെടുത്തി, ഇന്ന് അവധി 5 ജില്ലകളില്‍

തിരുവനന്തപുരം/ വയനാട്: കനത്ത മഴയില്‍ സംസ്ഥാനത്ത് പല ജില്ലകളിലും മഴക്കെടുതി തുടരുന്നു. വയനാട് പൊന്‍കുഴി ഭാ?ഗത്ത് ദേശീയ പാത 766 ലെ വെള്ളക്കെട്ട് കാരണം മുത്തങ്ങ വനമേഖലയില്‍ കുടുങ്ങി കിടന്നിരുന്ന എല്ലാവരെയും പുറത്തെത്തിച്ചു. വനമേഖയില്‍ കുടുങ്ങിയ 500 ഓളെ പേരെയാണ് രക്ഷപ്പെടുത്തിയത്. കനത്ത മഴയ്ക്കിടെ ആയിരുന്നു പൊലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും രക്ഷാ ദൗത്യം. കെഎസ്ആര്‍ടിസി ബസുകള്‍, ലോറികള്‍, കാറുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങളിലായി അഞ്ഞൂറോളം പേരാണ് വനമേഖലയില്‍ ഉണ്ടായിരുന്നത്. വയനാട് രാത്രി മഴയുണ്ടായിരുന്നെങ്കിലും രാവിലെ ശമനമുണ്ട്. വയനാട്ടില്‍ 682 കുടുംബങ്ങളില്‍ നിന്നായി 2281 പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്.
കോഴിക്കോട് ജില്ലയിലെ മലയോരമേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും മഴക്കെടുതികള്‍ തുടരുന്നു. കക്കയം ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അധിക ജലം തുറന്നു വിടാന്‍ സാധ്യതയുണ്ട്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ചാലിയാറിലും ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയിലും പൂനൂര്‍ പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറന്നു.ഇന്നലെയുണ്ടായ മഴയില്‍ വെള്ളം കയറിയും മരങ്ങള്‍ വീണും മണ്ണിടിഞ്ഞും മറ്റുമായി 21 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പല സ്ഥലത്തും തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല.
ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വെള്ളം കയറിയ മാവൂര്‍ കൂളിമാട് ചേന്ദമംഗലൂര്‍ റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാനായില്ല. ഇതു വഴിയുള്ള ഗതാഗതം നാട്ടുകാര്‍ ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ചാലിയാറിലും ജലനിരപ്പ് ഉയര്‍ന്നു. മാവൂരിലെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

5 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ തുടരുകയാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രത വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് അവധി. എന്നാല്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ കോളേജുകള്‍ പ്രവര്‍ത്തിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അതേസമയം, മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ഇടുക്കിയില്‍ ദേവികുളം താലൂക്കിലെയും ചിന്നക്കനാല്‍ പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.

Related Articles

Back to top button