WORLDNEWS

അദാനിക്കെതിരായ റിപ്പോർട്ടിൽ സെബി നടപടി; അസംബന്ധമെന്ന് ഹിൻഡൻബർഗ്

അദാനി ഗ്രൂപ്പ് കേസിൽ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നോട്ടീസ് നൽകി. അദാനി ഗ്രൂപ്പിൻ്റെ ഓഹരിത്തട്ടിപ്പ് ആരോപണം ഉന്നയിച്ചായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വിവരങ്ങൾ പുറത്തുവിട്ടത്. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായി. സംഭവത്തിൽ ഹിൻഡൻബർഗ് ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് 46 പേജുള്ള കാരണം കാണിക്കൽ നോട്ടീസ് സെബി അയച്ചത്. ഈ വിവരം ഹിൻഡൻബർഗ് തന്നെയാണ് പുറത്തുവിട്ടത്. സെബിയുടെ ഈ നടപടി അസംബന്ധവും ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറലുമാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചു.

2023 ജനുവരിയിലായിരുന്നു അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് വിവരങ്ങൾ പുറത്തുവിട്ടത്. ഓഹരിമൂല്യത്തില്‍ കൃത്രിമം കാണിക്കുകയും കൃത്രിമ നടപടികളിലൂടെ ഓഹരി മൂല്യം പെരുപ്പിച്ചുകാണിക്കുകയും ചെയ്തതായി ഹിൻഡൻബർഗ് ആരോപിച്ചു. ഈ വിവരം പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ വില കുത്തനെ ഇടിഞ്ഞു. ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ മൂന്നാമനായിരുന്ന ഗൗതം അദാനി ആഴ്ചകൾക്കുള്ളിൽ 38ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനിയുടെ ആസ്തിയിലും വലിയ ഇടിവുണ്ടായി. അദാനി ഗ്രൂപ്പിനെതിരായ വിവരങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുറത്തുവിട്ടതെന്നും അതിൽ അഭിമാനിക്കുന്നുവെന്നും ഹിൻഡൻബർഗ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ശക്തരായവർ ചെയ്ത അഴിമതിയും തട്ടിപ്പും പുറത്തുകൊണ്ടുവന്ന തങ്ങളെ നിശബ്ദരാക്കാനാണ് സെബി ശ്രമിക്കുന്നതെന്നും ഹിൻഡൻബർഗ് ആരോപിച്ചു.

ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനിയും അടുത്ത കൂട്ടാളികളും വിദേശത്തെ കടലാസ്സു കമ്പനികളുടെ ഒരു ശ്യംഖല തന്നെ നിയന്ത്രിച്ചിരുന്നതിൻ്റെ തെളിവുകളടക്കമാണ് പുറത്തുവിട്ടത്. ഈ കമ്പനികൾ വഴി കോടിക്കണക്കിന് രൂപയാണ് പൊതു സ്വകാര്യ സ്ഥാപനങ്ങളിലേക്കും തിരിച്ചും ഒഴുകിയത്. ഇതെല്ലാം കൃത്യമായ തെളിവുകളോടെയാണ് പ്രസിദ്ധപ്പെടുത്തിയതെന്നും ഹിൻഡൻബർഗ് വിശദീകരിച്ചു. അദാനി ഗ്രൂപ്പിനെതിരായ തങ്ങളുടെ റിപ്പോർട്ട് തെളിവുകൾ സഹിതമുള്ളവയാണെന്ന് 40 ഓളം സ്വതന്ത്ര മാധ്യമങ്ങൾ ശരിവെച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ റിപ്പോർട്ടിൽ ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നിനോട് പോലും കൃത്യമായും വ്യക്തമായും അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.

Read Also: “അദാനി വൺ” യുപിഐ ആപ്പുമായി അദാനി ; ടാറ്റയ്ക്കും ജിയോയ്ക്കും വെല്ലുവിളിയായി ഇ-കൊമേഴ്സ് രംഗത്തും

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബി ചുമതലകൾ മറന്നാണ് പ്രവർത്തിക്കുന്നതെന്ന വിമർശനവും ഹിൻഡൻബർഗ് നടത്തി. ശതകോടികളുടെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്താതെ, ഈ തട്ടിപ്പുകൾ തുറന്നുകാട്ടിയവർക്കെതിരായാണ് നടപടി സ്വീകരിക്കുന്നത്. ഇരയാക്കപ്പെട്ട നിക്ഷേപകരെ മറന്ന് തട്ടിപ്പുകാരെ സഹായിക്കാനാണ് സെബി ശ്രമിക്കുന്നതെന്നും ഹിൻഡൻബർഗ് വിമർശിക്കുന്നു.

തങ്ങൾ റിപ്പോർട്ട് പുറത്തുവിട്ട് ഒന്നര വർഷത്തോളം പിന്നിട്ടിട്ടും അതിനകത്ത് വസ്തുതാവിരുദ്ധമായി എന്തെങ്കിലും ഉള്ളതായി ചൂണ്ടിക്കാട്ടാൻ സെബിക്ക് സാധിച്ചിട്ടില്ലെന്നും ഹിൻഡൻബർഗ് പറയുന്നു. ഇന്ത്യൻ സ്ഥാപനങ്ങളോ, ജീവനക്കാരോ, കൺസൾട്ടൻ്റുമാരോ, ഭാഗമല്ലെന്ന സെബി വിമർശനത്തെയും ഹിൻഡൻബർഗ് തള്ളി. ഇന്ത്യൻ ഓഹരി വിപണിയിൽ പരോക്ഷമായി തങ്ങൾ ഇടപെടാൻ ശ്രമിക്കുന്നുവെന്ന് സ്ഥാപിക്കാനാണ് ശ്രമമെന്നും അവർ വിമർശിച്ചു.

തങ്ങൾക്ക് അയച്ച നോട്ടീസിൽ കൊടാക് എന്ന് പറയാതെ കെ-ഇന്ത്യ ഓപ്പർചുണിറ്റീസ് ഫണ്ട് എന്ന് മാത്രം രേഖപ്പെടുത്തിയതും ഹിൻഡൻബർഗ് വിമർശിച്ചു. 2017 സെബിയുടെ കോർപറേറ്റ് ഗവേർണൻസ് സമിതിയെ നയിച്ചത് ഉദയ് കൊടാക് ആയിരുന്നു. ഇന്ത്യയിലെ അതിശക്തനായ മറ്റൊരു ബിസിനസുകാരനെ കൂടി ആരോപണങ്ങളുടെയും അന്വേഷണത്തിൻ്റെയും നിഴലിൽ നിർത്താതിരിക്കാനുള്ള കരുതലാവാം കൊടാക് എന്ന് പറയാതിരിക്കാൻ കാരണമെന്നാണ് പരിഹാസം.

അദാനി കമ്പനിയുടെ കടപ്പത്രങ്ങൾ വിറ്റഴിച്ച് വലിയ ലാഭം തങ്ങളുണ്ടാക്കിയില്ലെന്നും അവർ പറയുന്നു. കടപ്പത്രങ്ങളുടെ ഷോർട്ട്-സെല്ലിങ് വഴി 41 ലക്ഷം ഡോളറിൻ്റെ മൊത്ത വരുമാനമാണ് നേടിയത്. അതിൽ നിന്ന് വെറും 31000 ഡോളർ മാത്രമാണ് കമ്പനിക്ക് ലഭിച്ചത്. തങ്ങൾ ഇന്നുവരെ ചെയ്ത ഗവേഷണങ്ങളിൽ വച്ച് ഏറ്റവും അഭിമാനകരമാണ് അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടെന്നും അമേരിക്കൻ കമ്പനിയായ ഹിൻഡൻബർഗ് വ്യക്തമാക്കുന്നുണ്ട്.

Related Articles

Back to top button