അദാനി ഹിൻഡൻബെർഗ് കേസിലെ വിധിയിൽ പുന:പരിശോധന ഇല്ലെന്ന് സുപ്രീം കോടതി. പുന:പരിശോധന ഹർജി തള്ളിയ സുപ്രീംകോടതി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യവും തള്ളുകയായിരുന്നു.
ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബെർഗ് റിപ്പോർട്ട്. ഈ റിപ്പോർട്ടിൻ്റെ പ്രത്യേക അന്വേഷണം കോടതി തള്ളിയിരുന്നു. സെബിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്രം നടപടി സ്വീകരിക്കണമെന്നുമായിരുന്നു കോടതി നിർദേശം. കഴിഞ്ഞ ജനുവരിയാണ് കോടതി വിധി പറഞ്ഞത്.
സെബി നടത്തുന്ന അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശിച്ച കോടതി മാധ്യമറിപ്പോർട്ടുകൾ ആധികാരിക തെളിവായി കണക്കാക്കാനാവില്ലെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടാണ് നാല് പൊതുതാൽപര്യ ഹർജികൾ കോടതിക്ക് മുന്നിൽ എത്തിയത്. ഹർജികളിൽ ഒരു വർഷം വാദം കേട്ട ശേഷമാണ് പ്രത്യേക അന്വേഷണ സംഘം വേണ്ടെന്ന തീരുമാനം വന്നത്. അന്വേഷണം മാറ്റി നൽകുന്നത് അസാധാരണ സാഹചര്യത്തിലാണെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.
നിയന്ത്രണ അതോറിറ്റിയായ സെബിയുടെ അധികാര പരിധിയിൽ ഇടപെടാൻ പരിമിതിയുണ്ടെന്നും സെബി നടത്തുന്ന അന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം നൽകുന്നു എന്നുമാണ് കോടതി പറഞ്ഞത്. എന്നാൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്ര സർക്കാർ പരിശോധിക്കണം, നിയമം അനുസരിച്ച് നടപടി എടുക്കണം, ഹിൻഡൻബർഗ് റിപ്പോർട്ട് ഓഹരി വിപണിയെ സ്വാധീനിച്ചു എന്ന ആരോപണവും സെബി പരിശോധിക്കണം, മാധ്യമകൂട്ടായ്മയും ഹിൻഡൻബർഗും കൊണ്ടു വന്ന റിപ്പോർട്ടുകൾ ആധികാരിക രേഖയായി കണക്കാക്കാനാകില്ല, ഇവ സെബിയ്ക്ക് പരിശോധിക്കാം, ഓഹരി വിപണിയിലെ സുതാര്യതയ്ക്ക് കോടതി നിയോഗിച്ച വിദഗ്ധ സമിതി നൽകിയ ശുപാർശകൾ നടപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദ്ദേശിച്ചിരുന്നു. മാധ്യമ റിപ്പോർട്ടുകൾ തെളിവ് അല്ലെന്നും അധികാരികമല്ലാത്ത രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം പൊതുതാൽപര്യ ഹർജികൾ നൽകരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.