BREAKINGKERALA

അന്‍വറിന് ”ചന്തക്കുന്നില്‍” തന്നെ മറുപടിയുമായി സിപിഎം

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അതേ വേദിയില്‍ തന്നെ മറുപടി പറയാന്‍ സിപിഎം. അന്‍വര്‍ ആദ്യം പൊതുയോഗം നടത്തിയ നിലമ്പൂര്‍ ചന്തക്കുന്നില്‍ സിപിഎം ഇന്ന് വിശദീകരണ യോഗം നടത്തും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെടി ജലീലും യോഗത്തില്‍ പ്രസംഗിക്കും. വൈകിട്ട് ആറ് മണിക്കാണ് പൊതുയോഗം. അന്‍വറിന്റെ പൊതുസമ്മേളനത്തില്‍ എത്തിയതിനേക്കാള്‍ കൂടുതല്‍ പേരെ എത്തിക്കാനുമാണ് സിപിഎമ്മിന്റെ ശ്രമം. വന്‍ജനങ്ങളാണ് അന്‍വറിന്റെ പൊതുസമ്മേനത്തില്‍ പങ്കെടുക്കാനെത്തിയത്.
അതേസമയം, ഇന്നലെ മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍ ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പുതിയ സംഘടനയുടെ നയം പിവി അന്‍വര്‍ എംഎല്‍എ പ്രഖ്യാപിച്ചു. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള എന്ന സംഘടന പ്രവര്‍ത്തിക്കുക. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെന്‍സസ് നടത്താനായും പോരാട്ടം നടത്തും. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടും. മലപ്പുറം കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപികരിക്കണമെന്ന ആവശ്യത്തിനായി പോരാടുമെന്നൊക്കെയാണ് അന്‍വര്‍ വ്യക്തമാക്കിയത്.
വിദ്യാഭ്യാസ മേഖലയിലും മാറ്റം വേണം. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ സ്വന്തം കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ അവരുടെ ശമ്പളത്തിന്റെ 20% അതത് സ്‌കൂളുകളിലെ ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവയ്ക്കണം.വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളണം. സംരംഭ സംരക്ഷണ നിയമം നടപ്പിലാക്കണം. പലസ്തീനിനോടുള്ള സമീപനം കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടും.
വന്യമൃഗശല്യത്തില്‍ മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായി ഉയര്‍ത്തണം. മനുഷ്യ മൃഗ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. തൊഴിലില്ലായ്മ വേതനം 2000 ആക്കി ഉയര്‍ത്തണം. മതസ്ഥാപന നിയന്ത്രണം അതത് മതവിശ്വാസികള്‍ക്ക് അനവദിക്കണം. സ്‌കൂള്‍ സമയം 8 മുതല്‍ 1 വരെ ആക്കണം. പൊലീസിലെ ക്രിമിനലുകളെ ഒഴിവാക്കണം. വയോജന ക്ഷേമത്തിനായി പുതിയ വകുപ്പ് ഉണ്ടാക്കണം.

Related Articles

Back to top button