ധാക്ക: കലാപ കലുഷിതമായ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറും. ഇന്ന് രാത്രി പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുമെന്ന് സൈനിക മേധാവി ജനറല്‍ വഖര്‍ ഉസ് സമാന്‍ അടക്കമുള്ളവര്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനെ നയിക്കാന്‍ സമ്മതിച്ച നോബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഇന്ന് പാരിസില്‍ നിന്ന് ധാക്കയില്‍ മടങ്ങിയെത്തും. ബംഗ്ലാദേശ് പ്രാദേശിക സമയം ഇന്ന് ഉച്ചയ്ക്ക് 2.10 ന് പ്രൊഫസര്‍ മുഹമ്മദ് യൂനുസ് ധാക്കയില്‍ വിമാനമിറങ്ങുമെന്നാണ് വിവരം. രാത്രി എട്ട് മണിയോടെ ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് വ്യക്തമാകുന്നത്. പതിനഞ്ചംഗ മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകും എന്നതിലാണ് ഇനി ആകാംഷ.
അതേസമയം പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് നാടുവിട്ടോടിയ ശേഖ് ഹസീന ഇപ്പോഴും ഇന്ത്യയില്‍ തുടരുകയാണ്. ലണ്ടനിലടക്കം രാഷ്ട്രീയ അഭയം ലഭിക്കില്ലെന്ന് ഉറപ്പായതോടെ അവര്‍ മറ്റ് രാജ്യങ്ങളിലേക്ക് ശ്രമം തുടരുകയാണ്. രാഷ്ട്രീയ അഭയം ഏതെങ്കിലും രാജ്യത്ത് ലഭിക്കുന്നതുവരെ അഭയം നല്‍കാമെന്നാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
ശാന്തമാകുമോ ബംഗ്ലാദേശ്
അശാന്തമായ രാഷ്ട്രത്തെ സ്ഥിരതയിലേക്ക് നയിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് നോബേല്‍ ജേതാവിന് മുമ്പിലുള്ളത്. അക്രമങ്ങള്‍ നിയന്ത്രിക്കണമെന്നും സമാധാനം പാലിക്കണമെന്നും യൂനുസ് ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളുടെ താല്‍പര്യങ്ങള്‍ക്ക് തന്നെയാണ് മുന്‍തൂക്കം.വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ജയില്‍ മോചിതയായ മുന്‍ പ്രധാനമന്ത്രി ഖലേദ സിയ ഇന്നലെ ബി എന്‍ പി റാലിയെ അഭിസംബോധന ചെയ്തത്.
മൂന്ന് മാസത്തിനകം രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സംഘം രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും സ്വതന്ത്ര ബംഗ്ലാദേശിനെ സംരക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നുമാണ് ബി എന്‍ പി ആക്ടിംഗ് ചെയര്‍മാന്‍ താരിഖ് റഹ്‌മാന്‍ ആവശ്യപ്പെട്ടത്. ധാക്കയിലെ നയാ പള്‍ട്ടാനില്‍ നടന്ന വമ്പന്‍ റാലി ബി എന്‍ പി പാര്‍ട്ടിയുടെ ശക്തി പ്രകടനമായി. ബംഗ്ലാദേശിലെ അധികാര കേന്ദ്രങ്ങളില്‍ നിന്ന് ഷെയ്ഖ് ഹസീന അനുകൂലികളെ തുടച്ചുനീക്കിക്കൊണ്ടിരിക്കുകയാണ്. പൊലീസ് അസോസിയേഷന്‍ നേതൃത്വത്തെ മുഴുവന്‍ പുറത്താക്കി പുതിയ 39 അംഗ കമ്മിറ്റി അധികാരം ഏറ്റെടുത്തു. ഹസീന അനുകൂലികളായ ഉദ്യോഗസ്ഥര്‍ ഭൂരിഭാഗവും ഒളിവിലാണെന്നാണ് മറ്റൊരു കാര്യം.