BREAKINGINTERNATIONAL

അമ്മയുടെ എസ്‌യുവിയുമായി 8 വയസുകാരി ഷോപ്പിംഗിന്, കണ്ടെത്തിയത് 16 കിലോമീറ്ററുകള്‍ക്കപ്പുറം

പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ വാഹനമോടിക്കുകയും അതുവഴി അപകടം ഉണ്ടാവുകയും ചെയ്യുന്ന അനേകം സംഭവങ്ങള്‍ നമ്മള്‍ വാര്‍ത്തകളിലൂടെയും മറ്റും അറിഞ്ഞിട്ടുണ്ടാവും. അതുപോലെ ഒഹിയോയില്‍ ഒരു എട്ടു വയസ്സുകാരി മാതാപിതാക്കളുടെ എസ്‌യുവിയുമായി ഷോപ്പിംഗിനിറങ്ങി.
ഒരു ടാര്‍ഗറ്റ് സ്റ്റോറിലേക്കാണ് എട്ട് വയസ്സുകാരി തനിയെ കാറോടിച്ച് ചെന്നത്. 25 മിനിറ്റ് നേരം, 16 കിലോമീറ്ററാണ് കുട്ടി എസ്‌യുവിയുമായി സഞ്ചരിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. കുട്ടി ഓടിച്ചിരുന്ന കാറിന്റെ അടുത്തുകൂടി പോയ മറ്റൊരു കാറിന്റെ ഡാഷ്‌കാമിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. വളഞ്ഞുപുളഞ്ഞാണ് പലപ്പോഴും കുട്ടി വണ്ടി ഓടിച്ചിരുന്നത്. അതിനിടയില്‍ ഒരു മെയില്‍ബോക്‌സില്‍ കാര്‍ ഇടിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്തായാലും, പിന്നീട് കുട്ടിയെ കണ്ടെത്തി. മറ്റ് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഡ്രൈവിംഗ് കണ്ട് അതുവഴി തന്റെ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ജസ്റ്റിന്‍ കിമേരി എന്നയാളാണ് 911 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ചു കാര്യം പറഞ്ഞത്. ആദ്യം ഒരു കുട്ടിയാണ് വാഹനം ഓടിക്കുന്നത് എന്ന് തനിക്ക് അറിയില്ലായിരുന്നു. മുതിര്‍ന്ന ഒരാളാണ് വാഹനമോടിക്കുന്നത് എന്നാണ് താന്‍ കരുതിയിരുന്നത് എന്നാണ് ജസ്റ്റിന്‍ പറഞ്ഞത്. വളഞ്ഞുപുളഞ്ഞാണ് കാര്‍ പോയിക്കൊണ്ടിരുന്നത്. പിന്നീടാണ് ഒരു കുട്ടിയാണ് വണ്ടിയോടിക്കുന്നത് എന്ന് തിരിച്ചറിഞ്ഞത്. എന്താണിവിടെ സംഭവിക്കുന്നത് എന്നോര്‍ത്ത് താന്‍ ഞെട്ടിപ്പോയി. പിന്നെയാണ് 911 -ലേക്ക് വിളിച്ചത് എന്നും ഇയാള്‍ പറയുന്നു.
അമ്മയുടെ അനുവാദമില്ലാതെ അവരുടെ നിസ്സാന്‍ റോഗ് എടുത്താണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. കുട്ടിയെ കാണാനില്ല എന്നും പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതി അറിയിച്ചിരുന്നു. അടുത്തുള്ള വീട്ടിലെ സെക്യൂരിറ്റി ക്യാമറയില്‍ കുട്ടി കാറില്‍ കയറുന്നത് പതിഞ്ഞിരുന്നു. 33,500 രൂപയുമായിട്ടാണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. അതുമായി കുട്ടി ഷോപ്പിംഗും നടത്തിയിരുന്നത്രെ.
ഒടുവില്‍, ബെയിന്‍ബ്രിഡ്ജ് ടൗണ്‍ഷിപ്പ് പൊലീസ് അവളെ ടാര്‍ഗെറ്റിന്റെ പാര്‍ക്കിംഗ് സ്ഥലത്താണ് കണ്ടെത്തിയത്. കൈയില്‍ ഒരു ഫ്രാപ്പുച്ചിനോയുമായി കൂളായി നില്‍ക്കുകയായിരുന്നു കുട്ടി. പൊലീസ് പിന്നീട് കുട്ടിയെ വീട്ടുകാരെ ഏല്‍പ്പിച്ചു. കുട്ടിയായതുകൊണ്ട് തന്നെ കേസൊന്നും എടുത്തിട്ടില്ല. കുട്ടി സുരക്ഷിതയാണ് എന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button