BREAKINGKERALA
Trending

അരുണ്‍ കെ. വിജയനെ മാറ്റാന്‍ സമ്മര്‍ദ്ദം ശക്തം; അന്വേഷണസംഘം കണ്ണൂര്‍ കളക്ടറുടെ മൊഴിയെടുക്കുന്നു

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴിയെടുക്കുന്നു. അന്വേഷണ ചുമതലയുള്ള ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ. ഗീത കണ്ണൂര്‍ കളക്ട്രേറ്റിലെത്തി. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുമെന്നും പൂര്‍ണമായും സഹകരിക്കുമെന്നുമായിരുന്നു കളക്ടറുടെ നിലപാട്. കൂടാതെ അന്വേഷണസംഘത്തോട് എല്ലാ കാര്യങ്ങളും തുറന്നു പറയുമെന്നും കളക്ടര്‍ വ്യക്തമാക്കി.
ഇതിനിടെ കളക്ടറെ മാറ്റണമെന്നുള്ള സമ്മര്‍ദം റവന്യൂ വകുപ്പിനു മേല്‍ ശക്തമായിരിക്കുകയാണ് എന്നാണ് വിവരം. മുഖ്യമന്ത്രിയടക്കമുള്ളവരോട് ആലോചിച്ച് റവന്യൂ വകുപ്പ് തീരുമാനമെടുക്കും. കൂടാതെ കളക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
നവീന്‍ ബാബുവിന്റെ കുടുംബവും കളക്ടര്‍ക്കെതിരായ നിലപാടിലാണ്. ദിവ്യയെ എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് വിളിച്ചുവരുത്തിയത് കളക്ടറാണെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ബിജെ.പി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസും ആരോപിക്കുന്നത്. സംഭവത്തില്‍ കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര, പേഴ്സണല്‍ മന്ത്രാലയങ്ങള്‍ക്ക് ബി.ജെ.പി. കത്തയച്ചു.
കളക്ടറുടെ പ്രവര്‍ത്തനത്തില്‍ സി.പി.ഐ.ക്കും അതൃപ്തിയുണ്ട്. വ്യാഴാഴ്ച സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവില്‍ പങ്കെടുത്ത നേതാക്കള്‍ രാത്രി റവന്യൂമന്ത്രി കെ. രാജനെ നേരിട്ട് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വിവാദ യാത്രയയപ്പ് യോഗം നടത്തിയത് കളക്ടറാണ്. നവീന്‍ ബാബുവിന് യോഗം നടത്തുന്നതിനോട് യോജിപ്പില്ലായിരുന്നു. എ.ഡി.എമ്മിന്റെ അഭിപ്രായം പരിഗണിക്കാതെ തിങ്കളാഴ്ച രാവിലെ യോഗം കളക്ടര്‍ തീരുമാനിച്ചു. പിന്നീട് വൈകീട്ടേക്ക് മാറ്റി. രാവിലെ യോഗത്തില്‍ പങ്കെടുക്കാന്‍ കളക്ടര്‍ക്കോ നവീനോ അസൗകര്യം ഉണ്ടായിരുന്നില്ല. പി.പി. ദിവ്യയ്ക്ക് പങ്കെടുക്കാനാണ് ഇത്തരത്തില്‍ സമയം മാറ്റിയതെന്ന് ആരോപണം ഉയര്‍ന്നു. യോഗത്തില്‍ ദിവ്യ എ.ഡി.എമ്മിന് നേരേ ആരോപണം ഉന്നയിച്ചപ്പോള്‍ അതു തടയാനും കളക്ടര്‍ കൂട്ടാക്കിയില്ല എന്നാണ് വിമര്‍ശനം.

Related Articles

Back to top button