രാജസ്ഥാനിലെ കുചമാന്‍ സിറ്റിയില്‍ നിന്നും പകര്‍ത്തിയിരിക്കുന്ന വളരെ ഞെട്ടിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥിനിയോട് മോശമായി സംസാരിച്ച യുവാവിനെ അവളുടെ കൂട്ടുകാര്‍ തല്ലുന്നതാണ് ദൃശ്യങ്ങളില്‍.
വീഡിയോ എക്‌സില്‍ (ട്വിറ്ററില്‍) പോസ്റ്റ് ചെയ്തിരിക്കുന്നത് പ്രിയ സിം?ഗ് എന്ന യൂസറാണ്. റിപ്പോര്‍ട്ടുകളനുസരിച്ച് സമീപത്തെ കോളേജിലുള്ള വിദ്യാര്‍ത്ഥിനി ഇയാളുടെ കടയില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാന്‍ പോയപ്പോള്‍ കടക്കാരന്‍ അവളോട് മോശമായി പെരുമാറിയത്രെ. ‘ആദ്യം എന്നോട് ഐ ലൗ യൂ പറ, അത് കഴിഞ്ഞിട്ട് റീച്ചാര്‍ജ് ചെയ്യാം’ എന്നാണത്രെ ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. കൂടാതെ ഇയാള്‍ പെണ്‍കുട്ടിയുടെ കയ്യില്‍ കയറി പിടിച്ചെന്നും അശ്ലീലപരാമര്‍ശങ്ങള്‍ നടത്തിയെന്നും ഉപദ്രവിക്കാന്‍ തുനിഞ്ഞെന്നും ആരോപണമുണ്ട്.
ഈ സംഭവത്തില്‍ അസ്വസ്ഥയായ പെണ്‍കുട്ടി കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികളോട് വിവരം പറയുകയായിരുന്നത്രെ. ഉടനെ തന്നെ മറ്റ് പെണ്‍കുട്ടികള്‍ സ്ഥലത്തെത്തുകയും ഇയാളെ തല്ലുകയും ചെയ്യുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഇയാളെ തല്ലാന്‍ തുടങ്ങിയതോടെ നാട്ടുകാരില്‍ ചിലരും കൂടെച്ചേര്‍ന്നു. പെണ്‍കുട്ടിയോട് യുവാവിനെ തല്ലാന്‍ പറയുന്നതും അയാളെ നടത്തിച്ച് കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.
സിക്കാര്‍ റോഡ് ബസ് സ്റ്റാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന കടയുടെ ഉടമയായ ഇയാള്‍ ഇ- മിത്ര ഓപ്പറേറ്ററാണ് എന്നും പറയുന്നു. സംഭവശേഷം കടയടച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും പെണ്‍കുട്ടികള്‍ ഇയാളെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിച്ച ശേഷം ഇയാളെ കടയിലേക്ക് തിരികെ കൊണ്ടുവന്ന് ബന്ദിയാക്കി വച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒടുവില്‍ പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോഴാണ് ഇവര്‍ കടയുടമയെ വിട്ടത്.
പെണ്‍കുട്ടി ഇയാള്‍ക്കെതിരെ കേസ് കൊടുത്തിട്ടില്ല. എന്നിരുന്നാലും സംഭവം അന്വേഷിച്ച് വരികയാണ് എന്നാണ് പൊലീസ് പറയുന്നത്.
81 1 minute read