BREAKINGINTERNATIONAL

ആരുമറിയാത്ത മരണങ്ങള്‍, ജപ്പാനില്‍ തനിച്ച് കഴിയവെ മരിച്ചത് 40,000 പേര്‍, മൃതദേഹം കണ്ടെത്തുന്നത് മാസങ്ങള്‍ക്ക് ശേഷം

ജപ്പാനില്‍ ഏകാന്തമരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ ആദ്യ പകുതിയായപ്പോഴേക്കും 40,000 പേര്‍ ഇങ്ങനെ മരണപ്പെട്ടു എന്നാണ് നാഷണല്‍ പൊലീസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നേരത്തെ തന്നെ ജപ്പാനില്‍ തനിച്ച് താമസിക്കുന്നവര്‍ മരിക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. മരിച്ചത് മിക്കവാറും ആരും അറിയാറില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാസങ്ങള്‍ കഴിഞ്ഞ് മൃതദേഹം കണ്ടെത്തുന്ന സംഭവവും ഒരു വര്‍ഷം കഴിഞ്ഞ് മൃതദേഹങ്ങള്‍ കണ്ടെത്തുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നാഷണല്‍ പൊലീസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ 40,000 -ത്തില്‍ 4000 -ത്തോളം പേരുടെ മൃതദേഹം കണ്ടെത്തുന്നത് അവര്‍ മരിച്ച് ഒരു മാസത്തിന് ശേഷമാണത്രെ. ഏകദേശം 130 പേരുടെ മൃതദേഹങ്ങള്‍ ഒരു വര്‍ഷത്തോളം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ലെന്നും പറയുന്നു. ഇങ്ങനെ മരിച്ചവരില്‍ ഏറെയും 65 വയസ്സും അതിന് മുകളില്‍ പ്രായമുള്ളവരുമാണ്.
കൊഡോകുഷി (Kodokushi) എന്നാണ് ജപ്പാനിലെ ഏകാന്തമരണങ്ങളെ വിളിക്കുന്നത്. ഇത് കുറേയധികം വര്‍ഷങ്ങളായി രാജ്യത്ത് ആശങ്കയുണര്‍ത്തുന്ന കാര്യം തന്നെയാണ്. ആളുകള്‍ തനിച്ച് താമസിക്കുകയും ആരോരുമറിയാതെ തനിയെ മരിക്കുകയും ചെയ്യുന്നത് ഒഴിവാക്കാനും ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതിന് വേണ്ടി പല പദ്ധതികളും നടപ്പിലാക്കിയെങ്കിലും പ്രതീക്ഷിച്ച ഫലം ചെയ്തില്ല.
2024 -ന്റെ ആദ്യ പകുതിയില്‍ തന്നെ 37,227 പേരാണ് തനിച്ച് താമസിക്കവെ മരിച്ചത്. ഇതില്‍ 70 ശതമാനം 65 വയസ് കഴിഞ്ഞവരാണ്. 40 ശതമാനം പേരുടെ മൃതദേഹം ഒരു ദിവസത്തിനകം കണ്ടെത്തി. 85 വയസിന് മുകളിലുള്ള 7498 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, 75 -നും 79 -നും ഇടയിലുള്ള 5920 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 70 -നും 74 -നും ഇടയിലുള്ള 5635 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുതിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും നാഷണല്‍ പൊലീസ് ഏജന്‍സി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Related Articles

Back to top button