BREAKINGKERALA
Trending

ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടേത് പ്രൊമോഷന്‍ ട്രാന്‍സ്ഫര്‍- വിശദീകരണവുമായി മന്ത്രി

ആലപ്പുഴ: ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ. ജയരാജിനെ സ്ഥലം മാറ്റിയത് പ്രൊമോഷന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി എം.ബി. രാജേഷ്. മറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്ഥലംമാറ്റമുണ്ടെന്നും അതില്‍ ഒരെണ്ണം മാത്രം ഉയര്‍ത്തിക്കാട്ടിയത് ശരിയല്ലെന്നും എം.ബി. രാജേഷ് വ്യക്തമാക്കി. 15 പേര്‍ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍മാരായും 23 പേര്‍ക്ക് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായുമുള്ള പ്രൊമോഷന്‍ ട്രാന്‍സ്ഫറാണ് നടന്നതെന്നും മര്യാദയില്ലാത്ത മാധ്യമപ്രവര്‍ത്തനമാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
‘വകുപ്പ് സ്ഥാനക്കയറ്റ കമ്മിറ്റി (ഡിപിസി) കൂടാന്‍ വൈകിയതുകൊണ്ടാണ് ട്രാന്‍സ്ഫര്‍ നീണ്ടുപോയത്. അല്ലെങ്കില്‍ നേരത്തെ നടക്കുമായിരുന്നു. ഈ കലണ്ടര്‍ വര്‍ഷം നടക്കേണ്ടതാണ്. അല്ലെങ്കില്‍ വീണ്ടും ഡിപിസിയിലേക്ക് പോകും. അത് ഒഴിവാക്കാനാണ് ഇന്നലെതന്നെ ഉത്തരവ് ഇറക്കിയത്.
ഇതിനെ മറച്ചുവെച്ചുകൊണ്ടാണ് വാര്‍ത്ത വന്നത്. കണ്ടാല്‍തോന്നും ഒരൊറ്റ ആളെ മാത്രമാണ് ട്രാന്‍സ്ഫര്‍ ചെയ്തതെന്ന്. വേറെ ഒരു തരത്തിലും രാഷ്ട്രീയം ആരോപിക്കാനോ ഭരണപരമായ ഇടപെടല്‍ ആരോപിക്കാനോ കഴിയാതെ വന്നപ്പോള്‍ എന്നാല്‍പിന്നെ ഇതെടുത്തിട്ടാവാം എന്ന് തീരുമാനിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത്. ഇതിന് പിന്നിലുള്ള ദുരുദ്ദേശ്യമാണ് വ്യക്തമാകുന്നത്.’ -എം.ബി രാജേഷ് വ്യക്തമാക്കി.
സര്‍വീസില്‍നിന്ന് വിരമിക്കാന്‍ അഞ്ചുമാസം മാത്രം ശേഷിക്കെ മലപ്പുറത്തേക്കാണ് പി.കെ ജയരാജിനെ സ്ഥലം മാറ്റിയത്. കൊല്ലം സ്വദേശിയായ ഇദ്ദേഹം ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണറായി ചുമതലയേറ്റെടുത്ത് മൂന്നുമാസം തികയുംമുന്‍പാണ് ഈ നടപടി. സാധാരണഗതിയില്‍ വിരമിക്കുന്നതിന്റെ അടുത്ത കാലയളവില്‍ സ്വന്തം സ്ഥലത്തേക്കാണ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ലഭിക്കാറുള്ളത്.
ആലപ്പുഴയുടെ തെക്കന്‍ മേഖലയില്‍ ചിലര്‍ ബിനാമി പേരില്‍ കള്ളുഷാപ്പുകള്‍ നടത്തുകയും സ്പിരിറ്റ് ജില്ലയിലേക്ക് ഒഴുക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ കര്‍ശന നടപടി സ്വീകരിച്ചതോടെ ഡെപ്യൂട്ടി കമ്മിഷണര്‍ ഉന്നതരുടെ കണ്ണിലെ കരടായി മാറി. അതിനു പിന്നാലെയാണ് യു. പ്രതിഭ എം.എല്‍.എ.യുടെ മകനെയും സുഹൃത്തുക്കളെയും കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി കേസെടുത്തത്.

Related Articles

Back to top button