ന്യൂഡല്‍ഹി: ഇന്ത്യയില്‍ എംപോക്‌സ് രോഗബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് രോഗബാധ. വെസ്റ്റ് ആഫ്രിക്കന്‍ ക്ലേഡ് 2 ടൈപ്പ് എംപോക്‌സാണ് സ്ഥിരീകരിച്ചത്. അതേസമയം, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നിലവിലുള്ള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായിട്ടുള്ള വൈറസല്ല ഇതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആഫ്രിക്കയില്‍ നിലവില്‍ പടരുന്നത് ക്ലേഡ് 1 എംപോക്‌സ് വൈറസാണ്. ക്ലേഡ് 2നേക്കാള്‍ അപകടകാരിയായ വൈറസാണിത്.
ഒറ്റപ്പെട്ട കേസാണിതെന്നും 2022 ജൂലൈ മുതല്‍ ഇതുവരെ ഇന്ത്യയില്‍ 30 പേര്‍ക്ക് സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച യുവാവ് നിലവില്‍ ഐസൊലേഷനിലാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടിക തയാറാക്കാനുള്ള നടപടി സ്വീകരിച്ചതായും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു. നേരത്തെ, പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച യുവാവിന്റെ സാംപിളുകള്‍ നെഗറ്റീവായിരുന്നു.
അതേസമയം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് ഇറക്കിയിട്ടുണ്ട്. വിദേശത്തുനിന്നെത്തുവരെ കര്‍ശനമായി നിരീക്ഷിക്കും. സംശയിക്കപ്പെടുന്നവരുടെ സാംപിളുകള്‍ പരിശോധിക്കാന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കീഴില്‍ ലബോറട്ടറി ശൃംഖല സജ്ജമാക്കി. ആഗോളതലത്തില്‍ എംപോക്‌സ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജനങ്ങള്‍ ഇതുസംബന്ധിച്ച അവബോധം നല്‍കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
എംപോക്‌സ് ലക്ഷണങ്ങള്‍ സംശയിക്കുന്നവരെ സ്‌ക്രീനിങ് ചെയ്ത് പരിശോധന നടത്തണം. രോഗബാധ സ്ഥിരീകരിച്ചാല്‍ രോഗിയെ ഐസലേറ്റ് ചെയ്ത് സമ്പര്‍ക്കപ്പട്ടിക വിട്ടുവീഴ്ചയില്ലാതെ തയാറാക്കണം. പൊതുജനാരോഗ്യത്തിനായുള്ള മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന-ജില്ലാതലത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവലോകനം നടത്തണം. ആവശ്യമായ ജീവനക്കാര്‍ ആശുപത്രികളിലുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
47 1 minute read