1977. ഇന്ത്യ ഏറ്റവും സങ്കീര്‍ണമായ രാഷ്ട്രീയ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സമയത്ത് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധി പരാജയപ്പെട്ടു. പലവിധ എതിര്‍പ്പുകള്‍ക്കുമിടയില്‍ അന്നൊരിക്കല്‍ ഒരുസംഘം ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഇന്ദിര ഗാന്ധിയുടെ വസതിയിലേക്ക് മാര്‍ച്ചു ചെയ്തെത്തി. ‘അടിയന്തരാവസ്ഥയുടെ ക്രിമിനലുകള്‍’ എന്ന് സധൈര്യം അവര്‍ അധികാരികളെ നോക്കി മുദ്രാവാക്യം വിളിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഇന്ദിര ഗാന്ധി പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങിവന്നു. അടിയന്തരാവസ്ഥ കാലത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ഓം മേത്തയുള്‍പ്പടെയുള്ളവരും ഇന്ദിരയോടൊപ്പമുണ്ടായിരുന്നു. അതോടെ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം നിര്‍ത്തി.
ഇന്ദിരയ്ക്കു മുന്നിലേക്ക് കുര്‍ത്ത ധരിച്ച് പാറിപ്പറന്ന മുടിയുള്ള ഒരു വിദ്യാര്‍ഥി നേതാവ് ചെന്നു. തങ്ങളുടെ ആവശ്യങ്ങള്‍ എഴുതിക്കൊണ്ടുവന്ന മെമ്മോറാണ്ടം അയാള്‍ ഉറക്കെ വായിച്ചു. അതില്‍ ആദ്യഭാഗത്ത് അടിയന്തരാവസ്ഥക്കാലത്തു ജനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ ക്രൂരതകളായിരുന്നു വിവരിച്ചത്. അതോടെ ഇന്ദിരയുടെ മുഖത്തെ ചിരി മാഞ്ഞു. വായന പൂര്‍ത്തിയാക്കുമുമ്പ് അവര്‍ മടങ്ങി. എന്നാല്‍ പ്രതിഷേധം അടങ്ങിയില്ല. തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷവും സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തു ഇന്ദിര ഗാന്ധി തുടര്‍ന്നതില്‍ പ്രതിഷേധിച്ചായിരുന്നു അന്നത്തെ പ്രതിഷേധം. പിറ്റേന്ന് ഇന്ദിര രാജിവച്ചു. രാജ്യത്തെ വിദ്യാര്‍ഥി മുന്നേറ്റ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലൊന്നായിരുന്നു അത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തയായിരുന്ന ഒരു മുന്‍പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി അടിയന്തരാവസ്ഥയുടെ ക്രൂരതകളെ കുറിച്ച് പ്രസംഗിച്ച ആ വിദ്യാര്‍ഥി നേതാവിന്റെ പേര് സീതാറാം യെച്ചൂരിയെന്നായിരുന്നു.
ജെ.എന്‍.യുവില്‍ മൂന്നുവട്ടം പ്രസിഡന്റായ ഒരേയൊരാള്‍ യെച്ചൂരിയായിരുന്നു. എം.എ. എക്‌ണോമിക്‌സിന് ജെ.എന്‍.യുവില്‍ ചേര്‍ന്നതോടെയാണ് യെച്ചൂരി എസ്.എഫ്.ഐ. അംഗമാവുന്നത്. 75-ല്‍ സി.പി.എം. അംഗത്വം. അടിയന്തരാവസ്ഥയുടെ സംഘര്‍ഷഭരിതമായ നാളുകളില്‍ ജയിലിലായതോടെ സാമ്പത്തികശാസ്ത്രത്തിലെ ഗവേഷണം യെച്ചൂരി ഉപേക്ഷിച്ചു. 1984-ല്‍ എസ്.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ്. ഇതേ വര്‍ഷം തന്നെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ക്ഷണിതാവ്. 1985-ല്‍ പ്രകാശ് കാരാട്ടിനൊപ്പം കേന്ദ്ര കമ്മിറ്റിയിലേക്ക്. 1992-ല്‍ ചെന്നൈ പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യുറോയിലേക്ക്. ആ സമയത്ത് പാര്‍ട്ടി അന്താരാഷ്ട്ര കാര്യങ്ങളുടെ ചുമതലയും നിര്‍വഹിച്ചു. ഈ സമയത്താണ് വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പമുണ്ടാകുന്നത്.
മാര്‍ക്‌സിസ്റ്റ് ഇരട്ടകള്‍ എന്നായിരുന്നു പ്രകാശ് കാരാട്ടിനെയും സീതാറാം യെച്ചൂരിയെയും ദേശീയ മാധ്യമങ്ങള്‍ ആദ്യകാലത്ത് വിശേഷിപ്പിച്ചിരുന്നത്. ഏറെക്കാലം വൃദ്ധരുടെ കേന്ദ്രമെന്ന് മാധ്യമങ്ങള്‍ പരിഹസിച്ച പോളിറ്റ്ബ്യൂറോയില്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള തലമുറയില്‍ നിന്നെത്തിയ ഇവര്‍ തലമുറ മാറ്റത്തിന് തുടക്കം കുറിച്ചു. ബ്രാഞ്ച് ഘടകം മുതല്‍ പടിപടിയായി പ്രവര്‍ത്തിച്ച് പി.ബിയിലെത്തിയപ്പോഴേക്കും എഴുപത് വയസ്സെങ്കിലും പിന്നിട്ട പാര്‍ട്ടി നേതാക്കളെ കണ്ട് ശീലിച്ച പ്രവര്‍ത്തകര്‍ക്ക് പാന്റും ഷര്‍ട്ടുമിട്ടെത്തിയ നാല്‍പ്പതുകാരായ പി.ബി. മെമ്പര്‍മാര്‍ ആദ്യം കൗതുകവും പിന്നെ ആവേശവുമായി മാറി.
വൈകാതെ പാര്‍ട്ടിയുടെ ദേശീയ മുഖങ്ങളായി ഇവര്‍ മാറി. ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് ജനറല്‍ സെക്രട്ടറിയായപ്പോള്‍ പ്രകാശും യെച്ചുരിയുമായിരുന്നു അദ്ദേഹത്തിന്റെ സന്തതസഹചാരികള്‍. ഇരുവരും മുഴുവന്‍ സമയം പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വൈകാതെ പ്രകാശ് കാരാട്ടിന് പിന്നാലെ യെച്ചൂരിയും ജനറല്‍ സെക്രട്ടറിയായി. പാര്‍ട്ടിക്കകത്തും പുറത്തും ഒരുപോലെ സൗഹൃദം, സമഭാവനയുള്ള പെരുമാറ്റം, അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായും നേതാക്കളുമായുള്ള ആത്മബന്ധം, വളച്ചുകെട്ടില്ലാതെ നേരെയുള്ള സംസാരം, കമ്മ്യൂണിസ്റ്റ് ജീവിതരീതി. ഇതെല്ലാമായിരുന്നു യെച്ചൂരിയെ സി.പി.എമ്മിന്റെ അമരത്തേക്ക് നയിച്ചത്.
2005 മുതല്‍ 12 വര്‍ഷം ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു യെച്ചൂരി. ഈ കാലഘട്ടത്തിലെ മികച്ച പാര്‍ലമെന്റേറിയനായി യെച്ചൂരി പേരെടുത്തു. സി.പി.എം. ഏറ്റവും ദുര്‍ബല കക്ഷികളിലൊന്നായി പാര്‍ലമെന്റിലിരിക്കുമ്പോഴും യെച്ചുരി പ്രസംഗിക്കാനെഴുന്നേറ്റാല്‍ സഭ കാതോര്‍ക്കും. ചരിത്രവും രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവുമെല്ലാം ഉള്‍കൊള്ളിച്ച മണിക്കൂറുകള്‍ നീളുന്ന പ്രസംഗങ്ങള്‍. ബി.ജെ.പി ഭരണകാലത്ത് മോദിയെയും അമിത് ഷായെയും വിമര്‍ശിക്കുന്ന രാഷ്ട്രീയ പ്രസംഗങ്ങള്‍. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവെന്ന നിലയില്‍ വലിയ ബഹുമാനം യെച്ചൂരിയോട് ഇതര നേതാക്കളും പുലര്‍ത്തിയിരുന്നു.
ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളില്‍ മാറിമാറി അനായാസത്തോടെയുള്ള പ്രസംഗത്തിന് രാഷ്ട്രീയത്തിനപ്പുറത്തും ആരാധകരുണ്ടായിരുന്നു. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ ഭേദഗതി അവതരിപ്പിച്ച് പാസാക്കി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലും യെച്ചൂരി ഇടം നേടി. യു.പി.എ. സര്‍ക്കാരിന്റെ അഴിമതികള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുള്ള യെച്ചൂരിയുടെ ഇടപെടലുകള്‍ ശ്രദ്ധനേടി. പിന്നീട് ബി.ജെ.പി. ഭരണകാലത്ത് പൗരത്വ ഭേദഗതി, കശ്മീര്‍, നോട്ടുനിരോധനം വിഷയങ്ങളിലും പ്രതിപക്ഷ സമരങ്ങളിലെ നേതൃത്വമായി മാറി.
2015-ലെ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലാണ് സി.പി.എമ്മിന്റെ പരമോന്നത നേതൃസ്ഥാനത്തേക്ക് യെച്ചൂരിയെത്തുന്നത്. 32-ാം വയസ്സില്‍ കേന്ദ്ര കമ്മിറ്റിയിലും നാല്‍പ്പതാം വയസ്സില്‍ പി.ബിയിലും എത്തി പ്രവര്‍ത്തിച്ച അനുഭവപാഠങ്ങള്‍ യെച്ചൂരിക്ക് അന്ന് കരുത്തായി. 2018-ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് സമയത്ത് കോണ്‍ഗ്രസ് സഖ്യത്തിനെതിരായി ബദല്‍രേഖ അവതരിപ്പിച്ചത് പോലെയുളള പരീക്ഷണ നാളുകളെ മികച്ച രീതിയില്‍ നേരിട്ട് അദ്ദേഹം പാര്‍ട്ടിയെ നയിച്ചു. തുടക്കത്തില്‍ പൊളിറ്റ്ബ്യുറോയില്‍ തന്റെ തീരുമാനങ്ങള്‍ക്ക് വേണ്ടത്ര പിന്തുണയില്ലാത്തത് കേന്ദ്ര കമ്മിറ്റിയെ ഉപയോഗിച്ച് മികച്ച രീതിയില്‍ മറികടക്കാന്‍ യെച്ചൂരിക്കായി. രണ്ടാമത്തെ ടേം ആയപ്പോഴേക്ക് പി.ബിയിലും പിന്തുണ വര്‍ധിപ്പിച്ചു. കര്‍ഷകസമരത്തില്‍ നിര്‍ണായക സ്വാധീനമായി മാറിയതും ആകെയുണ്ടായിരുന്ന കേരള ഭരണം നിലനിര്‍ത്താനായതും യെച്ചൂരിക്ക് നേട്ടമായി. ത്രിപുരയിലും ബംഗാളിലും തകര്‍ന്നടിഞ്ഞപ്പോഴും യെച്ചൂരിയുടെ നേതൃത്വത്തെ പാര്‍ട്ടി ചോദ്യം ചെയ്തില്ല.
സങ്കീര്‍ണമായ രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ യെച്ചൂരിക്കുള്ള മികവ് തെളിയിക്കുന്ന പല സാഹചര്യങ്ങള്‍ ഇക്കാലത്തുണ്ടായി. പ്രത്യയശാസ്ത്രബോധം മുറുകെ പിടിക്കുമ്പോഴും അത് പ്രായോഗികവത്കരക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. 2004-ല്‍ ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടികള്‍ക്ക് രൂപം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് യച്ചൂരിയായിരുന്നു. ആണവകരാര്‍ വിഷയത്തില്‍ സര്‍ക്കാരും ഇടതുപാര്‍ട്ടികളും രൂപീകരിച്ച ഏകോപന സമിതിയിലും യെച്ചൂരി നിര്‍ണായക സാന്നിധ്യമായി. ആഭ്യന്തര സംഘട്ടനങ്ങള്‍ക്കൊണ്ട് ദുരിതം നിറഞ്ഞ നേപ്പാളില്‍ മാവോയിസ്റ്റുകള്‍ക്കിടയില്‍ അഭിപ്രായ ഐക്യം കൊണ്ടുവന്ന് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിലും യെച്ചൂരി നിര്‍ണായക പങ്കുവഹിച്ചു. മാവോയിസ്റ്റുകളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥനായി നിയോഗിക്കപ്പെട്ടത് യെച്ചൂരിയെ ആയിരുന്നു. മാവോയിസ്റ്റ് നേതാക്കളായ പ്രചണ്ഠയുമായും ബാബുറാം ഭട്ടറായിയുമായും അടുത്ത ബന്ധമുണ്ടായിരുന്ന യെച്ചൂരി നടത്തിയ ചര്‍ച്ചകളാണ് മാവോയിസ്റ്റുകളെ ജനാധിപത്യ പാതയിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായകമായത്.
ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യന്‍ രാഷ്ട്രീയം മാറിമറിഞ്ഞപ്പോള്‍ പ്രതിപക്ഷ കൂട്ടായ്മ ഒരുക്കുന്നതില്‍ യെച്ചരിയുടെ ഇടപെടലുണ്ടായി. പിന്നീട് ഇന്ത്യ സഖ്യം രൂപീകരിച്ചപ്പോഴും അതിലെ ഏറ്റവും ദുര്‍ബലമായ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നിന്റെ നേതാവായ യെച്ചൂരി അതില്‍ നിര്‍ണായക സാന്നിധ്യമായി മാറിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയക്കരുത്തിനുള്ള അംഗീകാരമായിരുന്നു. കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും വൈരികളായി തുടരുമ്പോഴും ദേശീയതലത്തില്‍ യെച്ചൂരി കോണ്‍ഗ്രസിന് പ്രിയപ്പെട്ടവനായി. ഒരു ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഗുരു യെച്ചൂരിയാണെന്ന് മാധ്യമങ്ങള്‍ എഴുതുന്ന നിലയില്‍ വരെ കാര്യങ്ങളെത്തി. അപ്പോഴും കോണ്‍ഗ്രസിനോടുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളെ ആ രീതിയിലും ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തെ അതിന്റെ ഗൗരവത്തിലും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമായിരുന്നു യെച്ചൂരി ഉയര്‍ത്തിയത്.
***