റോഡുകളിലൂടെ വാഹനമോടിക്കുമ്പോള്‍ ട്രാഫിക് നിയമങ്ങളും വേഗപരിധിയും പാലിക്കാത്തവരാണ് പലരും. എന്നാല്‍, ഇത്തരം അജ്ഞതകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും. റോഡിലിറങ്ങുന്ന ഓരോ വ്യക്തിയുടെയും ജീവന് ഭീഷണിയാണ് ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കാതെ വാഹനം ഓടിക്കുന്നവര്‍. ഇത്തരത്തില്‍ തീര്‍ത്തും അശ്രദ്ധയോടെ വാഹനമോടിച്ച് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ഒരു യുവതിയുടെ വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
റോഡിലൂടെ അമിതവേഗത്തില്‍ സ്‌കൂട്ടി ഓടിച്ചു പോകുന്ന ഒരു യുവതിയുടെ ദൃശ്യങ്ങളാണ് ഇത്. ഒരു ബൈക്ക് യാത്രികന്‍ തന്റെ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച GoPro ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ട്രാഫിക് നിയമങ്ങളെ കുറിച്ച് അല്പംപോലും ധാരണയില്ലാതെയാണ് യുവതി വാഹനം ഓടിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. അമിതവേഗതയില്‍ മറ്റു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്ത് നീങ്ങുന്ന യുവതി തന്റെ വണ്ടിയുടെ ഇന്‍ഡിക്കേറ്റര്‍ തെറ്റായ ദിശയിലിട്ട് മറ്റു വാഹനങ്ങളോടിക്കുന്നവരെ ബുദ്ധിമുട്ടിക്കുന്നതും വീഡിയോയില്‍ കാണാം. ഇടതുവശത്തേക്ക് നീങ്ങുമ്പോള്‍ വലതു വശത്തേക്കുള്ള ഇന്‍ഡിക്കേറ്റര്‍ ഇട്ട് വണ്ടി ഓടിക്കുന്ന യുവതി പെട്ടെന്ന് തന്നെ മറ്റൊരു ബൈക്ക് യാത്രികനുമായി കൂട്ടിയിടിക്കുന്നു.
ഇതിനിടയില്‍ അവരുടെ വണ്ടിയുടെ ബാലന്‍സ് തെറ്റി നിലത്ത് വീഴുന്നു. എന്നാല്‍ തെറ്റ് തന്റെ ഭാഗത്താണെന്ന് സമ്മതിക്കാതെ യുവതി മറ്റുള്ളവരോട് കയര്‍ക്കുന്നതും താനുമായി കൂട്ടിയിടിച്ച വണ്ടിയുടെ ചാവി ഊരി മാറ്റുന്നതും ആണ് വീഡിയോയില്‍ ഉള്ളത്. ഈ സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും വലിയ വിമര്‍ശനമാണ് യുവതിക്കെതിരെ ഉയര്‍ന്നത്.
എന്നാല്‍ ഈ വീഡിയോ സ്‌കൂട്ടി ഓടിച്ച യുവതിയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവാവ് ചേര്‍ന്നു നടത്തിയ ഒരു പ്രാങ്ക് ആണെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. ഇവരുടെ youtube ചാനലില്‍ ഈ വീഡിയോയുടെ മുഴുവന്‍ ദൃശ്യങ്ങളും ഉണ്ടെന്നും ആളുകള്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ യുവതിക്കും യുവാവിനും എതിരെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തിരിയുകയും ഇത്തരത്തിലുള്ള പ്രാങ്കുകള്‍ നിരോധിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.