വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപിന് നേരെ വധശ്രമം നടത്തിയ യുവാവ് ഉപയോഗിച്ചത് എ.ആര്‍-15 സെമി ഓട്ടോമാറ്റിക് റൈഫിള്‍ എന്ന് എഫ്ബിഐ. പെന്‍സില്‍വേനിയയിലെ ബെതല്‍ പാര്‍ക്ക് സ്വദേശിയായ തോമസ് മാത്യു ക്രൂക്ക് എന്ന ഇരുപതുകാരനാണ് അക്രമിയെന്നും അധികൃതര്‍ വ്യക്തമാക്കി. ട്രംപിനു നേരെയുള്ള വധശ്രമത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അക്രമിയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
ഇയാളുടെ വോട്ടര്‍ രജിസ്ട്രേഷന്‍ കാര്‍ഡ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2003 സെപ്തംബര്‍ 20-ന് ആണ് ഇയാളുടെ ജനന തീയതിയെന്നും രേഖകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
ഇയാള്‍ 2022-ല്‍ ബെതല്‍ പാര്‍ക്ക് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. ദേശീയ മാത്സ് ആന്‍ഡ് സയന്‍സ് ഇനിഷ്യേറ്റീവിന്റെ സ്റ്റാര്‍ അവാര്‍ഡ് നേടിയ വിദ്യാര്‍ഥിയായിരുന്നു ഇയാള്‍ എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇയാള്‍ക്ക് നേരത്തെ ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യ പശ്ചാത്തലം ഉള്ളതായി വിവരമില്ല.
വെടിവെപ്പിന് മുന്‍പ് ഇയാളെ സ്ഥലത്ത് കണ്ടതായി നിരവധി പേര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എആര്‍-15 സെമി ഓട്ടോമാറ്റിക് തോക്കാണ് വെടിയുതിര്‍ക്കാന്‍ ഇയാള്‍ ഉപയോഗിച്ചത്. ട്രംപ് സംസാരിക്കുന്ന വേദിയില്‍നിന്ന് 120 മീറ്ററോളം അകലെയുള്ള ഒരു കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്നാണ് നിഗമനം. അക്രമത്തിനു പിന്നലെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതടക്കം അക്രമിയെ സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഡൊണാള്‍ഡ് ട്രംപ് പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. നിരവധി തവണ വെടിയുതിര്‍ത്തെങ്കിലും ഒരു വെടിയുണ്ട മാത്രമാണ് ട്രംപിന്റെ ശരീരത്തില്‍ കൊണ്ടത്. വലത് ചെവിയുടെ മുകള്‍ഭാഗത്ത് വെടിയുണ്ട തട്ടിയതിനേത്തുടര്‍ന്നുള്ള നേരിയ പരിക്ക് മാത്രമാണ് ട്രംപിന് ഉണ്ടായത്. അക്രമംനടത്തി നിമിഷങ്ങള്‍ക്കകം സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ വെടിവെച്ചുവീഴ്ത്തി. സംഭവസ്ഥലത്തുതന്നെ ഇയാള്‍ മരിച്ചു.
ട്രംപ് പ്രസംഗിക്കുന്നതിനിടെ വേദിയില്‍നിന്ന് വെടിയൊച്ച കേട്ടിരുന്നെങ്കിലും ഇത് ആദ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. തൊട്ടുപിന്നാലെ വെടിയൊച്ചകള്‍ക്കൊപ്പം അദ്ദേഹം വലതുചെവി പൊത്തിപ്പിടിക്കുന്നതും ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ ഓടിയെത്തി അദ്ദേഹത്തെ സുരക്ഷിതനാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന് പിന്നാലെ ചികിത്സതേടിയ അദ്ദേഹം ആശുപത്രി വിട്ടു.
87 1 minute read