BREAKINGKERALA
Trending

ഉരുള്‍പൊട്ടലില്‍ തനിച്ചായ ശ്രുതിക്ക് പ്രിയപ്പെട്ടവനെയും നഷ്ടമായി; അപകടത്തില്‍ പരിക്കേറ്റ ജെന്‍സണ്‍ വിടവാങ്ങി

കല്‍പറ്റ: വയനാട് വെള്ളാരംകുന്നില്‍ ഓമ്‌നി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശി ജെന്‍സണ്‍ വിടവാങ്ങി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പത് പേര്‍ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ഇദ്ദേഹം. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടര്‍ന്ന് ജെന്‍സന്‍ അതീവ ?ഗുരുതരാവസ്ഥയില്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ജെന്‍സനും ശ്രുതിയും ഉള്‍പ്പടെ വാനിലുണ്ടായിരുന്ന ഒന്‍പത് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ജെന്‍സനായിരുന്നു വാന്‍ ഓടിച്ചിരുന്നത്. ശ്രുതിക്ക് കാലിന് ചെറിയ പരിക്കേറ്റിരുന്നു. മറ്റുള്ളവര്‍ക്ക് കാര്യമായ പരിക്കേറ്റിരുന്നില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനുസമീപമായിരുന്നു അപകടം. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ജെന്‍സനും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് വരികയായിരുന്ന ‘ബട്ടര്‍ഫ്‌ലൈ’ എന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന് വാനില്‍ കുടുങ്ങിയവരെ കല്പറ്റയില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരുംചേര്‍ന്ന് വാന്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.
ശ്രുതിയുടെ ബന്ധു ലാവണ്യയ്ക്കും ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ പരിക്കേറ്റിരുന്നു. ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും സഹോദരനേയും ലാവണ്യയ്ക്ക് നഷ്ടമായിരുന്നു. ശ്രുതിയുടെ പിതാവ് ശിവണ്ണയുടെ സഹോദരന്‍ സിദ്ദരാജിന്റെയും ദിവ്യയുടെയും മകളാണ് ലാവണ്യ.

Related Articles

Back to top button