കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും. ദിവ്യയെ പ്രതി ചേര്‍ത്ത് ഇന്നലെ കോടതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്ന കാര്യവും ആലോചനയിലുണ്ട്. ഇന്നലെ രാത്രി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് സിപിഎം ഒഴിവാക്കിയിരുന്നു. അതേസമയം പ്രശാന്തന്‍ ഉന്നയിച്ച കൈക്കൂലി പരാതിയിലും പമ്പ് അപേക്ഷ നല്‍കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും വിജിലന്‍സിന്റെ കോഴിക്കോട് യൂണിറ്റിന്റെ അന്വേഷണവും ഇന്ന് തുടങ്ങും.
കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കകമാണ് താമസിച്ച വീട്ടിനുള്ളില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ ചെങ്ങളായിയിലെ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പരിയാരം മെഡിക്കല്‍ കോളേജിലെ കരാര്‍ തൊഴിലാളിയായ പ്രശാന്താണ് പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതിക്കായി എഡിഎമ്മിനെ സമീപിച്ചത്. പെട്രോള്‍ പമ്പിന് എന്‍ഒസി വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പമ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തോട് ചേര്‍ന്ന് റോഡില്‍ വളവുണ്ടായിരുന്നതിനാല്‍ അതിന് അനുമതി നല്‍കുന്നതിന് പ്രയാസമുണ്ടായിരുന്നു. എന്നാല്‍ സ്ഥലംമാറ്റമായി കണ്ണൂര്‍ വിടുന്നതിന് രണ്ട് ദിവസം മുന്‍പ് നവീന്‍ ബാബു പമ്പിന് എന്‍ഒസി നല്‍കി. ഇത് വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നല്‍കിയതെന്നുമാണ് പിപി ദിവ്യ യാത്രയയപ്പ് പരിപാടിയില്‍ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം രാവിലെ എഡിഎമ്മിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
50 1 minute read