BREAKINGKERALA
Trending

എഡിഎമ്മിന്റെ ആത്മഹത്യ; നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ കളക്ടര്‍

പത്തനംതിട്ട: ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍. യാത്രയയപ്പ് യോഗവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ഖേദം രേഖപ്പെടുത്തി കളക്ടര്‍ കത്തുനല്‍കി. പത്തനംതിട്ട സബ് കളക്ടര്‍വഴിയാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന് കളക്ടര്‍ കത്ത് കൈമാറിയത്. സബ് കളക്ടര്‍ നേരിട്ടെത്തി കുടുംബത്തിന് കത്ത് കൈമാറുകയായിരുന്നു.
യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ ചേംബറില്‍ വിളിച്ചു സംസാരിച്ചിരുന്നുവെന്നും കത്തില്‍ പറയുന്നു. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ കളക്ടര്‍ താത്പര്യമറിയിച്ചിരുന്നു. പക്ഷേ കുടുംബം അതിനോട് വിയോജിക്കുകയായിരുന്നു.
നേരത്തേ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരേ ഗുരുതര ആരോപണവുമായി നവീന്‍ ബാബുവിന്റെ ബന്ധുവും സി.പി.എം നേതാവുമായ മലയാലപ്പുഴ മോഹനന്‍ രംഗത്തെത്തിയിരുന്നു. അരുണ്‍ കെ. വിജയനാണ് പി.പി ദിവ്യയെ എ.ഡി.എമ്മിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് വളിച്ചുവരുത്തിയത് എന്നാണ് ആരോപണം. ദിവ്യയുടെ സൗകര്യപ്രകാരം ചടങ്ങിന്റെ സമയം മാറ്റി എന്നും ആരോപിച്ചു. മാത്രമല്ല വിഷയത്തില്‍ കളക്ടര്‍ക്കെതിരേ സിപിഎം പത്തനംതിട്ട നേതൃത്വവും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തുവന്നിരുന്നു.

Related Articles

Back to top button