BREAKINGKERALA

എഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി, കൊലപാതകത്തിന് തുല്യമായ സംഭവമെന്ന് കോണ്‍ഗ്രസ്

കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തിനു പിന്നില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ പങ്ക് അന്വേഷണവിധേയമാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ക്ഷണിക്കാതെ യാത്രയപ്പു ചടങ്ങിനെത്തി മനപ്പൂര്‍വ്വം തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത ഒരുദ്യോഗസ്ഥനെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ പരസ്യമായി ആക്ഷേപിക്കുയായിരുന്നു പി. പി. ദിവ്യയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ നിയമനടപടി വേണമെന്നും രാജിവെച്ച് നിയമനടപടി നേരിടണമെന്നുമാണ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.
ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കും നരഹത്യയ്ക്കും കേസെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അടിയന്തരമായി ജില്ലാ കളക്ടറുടെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രന്‍ സിപിഎം നേതാക്കള്‍ നിരന്തരമായി നടത്തുന്ന ഭീഷണിയും അപവാദപ്രചാരണവും ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയാണെന്നും ആരോപിച്ചു.
കണ്ണൂരില്‍ നിന്ന് വരുന്ന വാര്‍ത്ത ഞെട്ടിക്കുന്നതും വേദനാജനകവുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. ക്ഷണിക്കപ്പെടാത്ത യോഗത്തില്‍ വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ദേഹത്തെ് അപമാനിച്ചുവെന്നും വിഡി സതീശന്‍ പറഞ്ഞു. കൊലപാതകത്തിന് തുല്യമായ സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷണിക്കപ്പെടാത്ത യോഗത്തില്‍ പോയി അപമാനിച്ചു. സിപിഐഎം കുടുംബത്തില്‍ നിന്ന് വന്നയാളാണ് എഡിഎം. മനപ്പൂര്‍വമായ വ്യക്തിവിരോധമാണ്. അഴിമതിക്കാരനാണെ ന്ന ധാരണ പ്രതിപക്ഷത്തിന് പോലുമില്ല. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. അധികാര സ്ഥാനത്ത് ഇരുന്നു ആരെയും അപമാനിക്കാമെന്ന് കരുതരുത്. അടിയന്തരമായി കേസ് എടുത്ത് കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം – വിഡി സതീശന്‍ വ്യക്തമാക്കി.
പള്ളിക്കുന്നിലെ വീട്ടിലാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. നവീന്‍ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. പി പി ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Back to top button