BREAKINGNATIONAL
Trending

ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ; 2025 ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍വരും

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി (യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം-യു.പി.എസ്.)ക്ക് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. 23 ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
2025 ഏപ്രില്‍ ഒന്നു മുതല്‍ യു.പി.എസ്. നിലവില്‍വരും. ഇപ്പോഴുള്ള എന്‍.പി.എസ്. (നാഷണല്‍ പെന്‍ഷന്‍ സ്‌കീം) വേണോ അതോ യു.പി.എസ്. വേണോ എന്ന് ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാം. നിലവില്‍ എന്‍.പി.എസിലുള്ളവര്‍ക്ക് യു.പി.എസിലേക്ക് മാറാനും സൗകര്യമുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഏകീകൃത പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ സൗകര്യമുണ്ട്.

അഷ്വേഡ് പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, അഷ്വേഡ് മിനിമം പെന്‍ഷന്‍ എന്നിവയാണ് യു.പി.എസ്. ഉറപ്പുവരുത്തുന്നത്.

അഷ്വേഡ് പെന്‍ഷന്‍: പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി പ്രകാരം ചുരുങ്ങിയത് 25 വര്‍ഷം സര്‍വീസുള്ള ജീവനക്കാര്‍ക്ക് വിരമിക്കുന്നതിന് തൊട്ടുമുന്‍പുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ അന്‍പതു ശതമാനം പെന്‍ഷനായി ലഭിക്കും.

അഷ്വേഡ് ഫാമിലി പെന്‍ഷന്‍: പെന്‍ഷന്‍ വാങ്ങിയിരുന്ന വ്യക്തി മരിച്ചുപോയാല്‍, ആ സമയത്ത് ലഭിച്ചിരുന്ന പെന്‍ഷന്‍ തുകയുടെ അറുപതു ശതമാനം കുടുംബത്തിന് ലഭിക്കും.

അഷ്വേഡ് ഫാമിലി പെന്‍ഷന്‍: സര്‍ക്കാര്‍ സര്‍വീസില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കി ജോലി വിടുന്നവര്‍ക്ക് പ്രതിമാസം പതിനായിരം രൂപ പെന്‍ഷന്‍.

നിലവിലുള്ള പെന്‍ഷന്‍ പദ്ധതിയില്‍ ജീവനക്കാര്‍ നല്‍കുന്ന വിഹിതം പത്തുശതമാനവും കേന്ദ്രസര്‍ക്കാരിന്റെ വിഹിതം 14 ശതമാനവുമാണ്. ഏകീകൃത പെന്‍ഷന്‍ പദ്ധതി നിലവില്‍വരുമ്പോള്‍, കേന്ദ്രസര്‍ക്കാര്‍ വിഹിതം 18 ശതമാനമായി ഉയരും.

Related Articles

Back to top button