കൊച്ചി: കുറഞ്ഞ നിരക്കിൽ വിമാന നിരക്കുകൾ നേരത്തെ ബുക്ക് ചെയ്യാം. പുതിയ സേവനവുമായി എയർ ഇന്ത്യ. യാത്രകൾ വേണ്ടി വരുന്ന അവസാന നിമിഷം ടിക്കറ്റ് എടുത്താൽ പലപ്പോഴും നൽകേണ്ട ഉയര്‍ന്ന ടിക്കറ്റ് നിരക്കില്‍ നിന്നും യാത്രക്കാര്‍ക്ക് പരിരക്ഷ നല്‍കുന്ന സേവനമാണിത്. ഫെയര്‍ ലോക്ക് സേവനം എയര്‍ ഇന്ത്യ എക്‌സ്‌പ്രസിലും ലഭ്യമാണ്. യാത്രാതീയതി അടുത്ത വരുമ്പോള്‍ ഉണ്ടാകുന്ന ടിക്കറ്റ് നിരക്ക് വർദ്ധനവിൽ നിന്നും യാത്രക്കാർക്ക് സംരക്ഷണം നൽകുന്ന ഈ രീതി അനുസരിച്ച് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തിടാം.
യാത്രാ തീയതിക്ക് എത്ര നേരത്തേ വേണമെങ്കിലും എയർ ഇന്ത്യ വെബ്സൈറ്റിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലോക്ക് ചെയ്ത് വെയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ടിക്കറ്റ് നിരക്ക് അടുത്ത ഏഴു ദിവസത്തേക്ക് മാറ്റമില്ലാതെ തുടരും. ലോക്ക് ചെയ്യുന്നതിനായി ടിക്കറ്റ് നിരക്ക് നൽകേണ്ടതില്ല. ലോക്ക് ഫീ ആയി ആഭ്യന്തര ടിക്കറ്റിന് 250 രൂപയും അന്താരാഷ്ട്ര ടിക്കറ്റിന് 500 രൂപയും മാത്രമാണ് നല്‍കേണ്ടത്. ഏഴു ദിവസം വരെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ലോക്ക് ചെയ്യാനും അതേ നിരക്കില്‍ യാത്ര ചെയ്യാനും അവസരമൊരുക്കുന്നതാണ് ഫെയര്‍ ലോക്ക് സംവിധാനം. കോഡ് ഷെയര്‍ ബുക്കിംഗുകള്‍ ഒഴികെയുള്ള എല്ലാ ടിക്കറ്റ് നിരക്കുകള്‍ക്കും www.airindiaexpress.com എന്ന എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വെബ്‌സൈറ്റിലൂടെ സേവനം ലഭ്യമാണ്.
ടിക്കറ്റ് നിരക്ക് വര്‍ധനവിനേക്കുറിച്ച് ആശങ്കപ്പെടാതെ യാത്രകള്‍ നടത്താൻ ഫെയര്‍ ലോക്ക് സേവനം യാത്രക്കാരെ സഹായിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കുന്നു. വിമാന നിരക്ക് കൂടുന്നതിന് മുമ്പുള്ള നിരക്കിൽ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനാകുന്നത് യാത്രക്കാർക്ക് സഹായകരമാകും.
എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ബുക്ക് ചെയ്യുന്ന ലോയല്‍റ്റി അംഗങ്ങള്‍ക്ക് പ്രത്യേക കിഴിവും ഡീലുകളും ലഭിക്കും. ലോയല്‍റ്റി അംഗങ്ങള്‍ക്ക് പുറമെ വിദ്യാർത്ഥികള്‍, മുതിര്‍ന്ന പൗരര്‍, ചെറുകിട- ഇടത്തരം സംരംഭകര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വെബ്‌സൈറ്റിലൂടെ പ്രത്യേക നിരക്കുകളും ആനുകൂല്യങ്ങളും ലഭിക്കും. ചെക്ക്-ഇന്‍- ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകുന്ന എക്‌സ്‌പ്രസ് ലൈറ്റ് നിരക്കുകളും അടുത്തിടെ എയർ ഇന്ത്യ അവതരിപ്പിച്ചിരുന്നു