കാസർകോട്: പൊലീസുകാരെ ഉൾപ്പെടെ ഹണിട്രാപ്പിൽ കുടുക്കിയ കേസിലെ പ്രതിയായ ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. ചെമ്മനാട് സ്വദേശിയായ ശ്രുതിയ പൊലീസ് പിടികൂടിയത് ഉടുപ്പിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ്. ഐഎസ്ആഒയുടെയും ഇൻകം ടാക്സിന്റെയും വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ശ്രുതി തട്ടിപ്പ് നടത്തിയത്. സൗഹൃദം സ്ഥാപിച്ചാണ് ശ്രുതി സ്വര്‍ണ്ണവും പണവും തട്ടിയെടുത്തത്. ചിലര്‍ക്ക് വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു.നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വർണവും തട്ടിയെടുത്ത കേസിലാണ് ശ്രുതിയെ അറസ്റ്റ് ചെയ്തത്. ഐഎസ്ആഒയിലെ അസിസ്റ്റന്‍റ് എഞ്ചിനീയർ, ഇന്‍കം ടാക്സ് ഓഫീസര്‍, ഐഎഎസ് വിദ്യാർത്ഥിനി എന്നിങ്ങനെ ചമഞ്ഞാണ് യുവതി യുവാക്കളെ വലയിലാക്കിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും യുവതി നിര്‍മ്മിച്ചിരുന്നു. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 30കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രുതിയെ പിടികൂടിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശ്രുതി, ഒരു പവൻ തൂക്കമുള്ള സ്വർണ്ണമാലയും ഒരു ലക്ഷം രൂപയും കൈക്കലാക്കിയെന്നാണ് കേസ്. കാസർകോട് സ്വദേശിയായ യുവാവിനെതിരെ പരാതി നൽകി ജയിലിൽ അടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരൻ പലരെയും സമാനമായ തട്ടിപ്പിന് ഇരയാക്കിയതായി ആരോപണം പുറത്തുവന്നത്. യുവാവില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പണം തിരികെ ചോദിച്ചപ്പോഴാണ് കേസില്‍ കുടുക്കിയതെന്ന് യുവാവ് പറയുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരും യുവതിയുടെ തട്ടിപ്പിൽ കുടുങ്ങിയതായി വിവരം പുറത്തുവന്നു. യുവതിയെ ചോദ്യംചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
79 1 minute read