ഒന്നാം യുപിഎ സർക്കാരിനെതിരായി വന്ന അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ 25 കോടി രൂപയുടെ വാഗ്ദാനം ലഭിച്ചുവെന്ന് മുൻ ഇടത് എംപി അഡ്വ സെബാസ്റ്റ്യൻ പോൾ . ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജിയുടെ ഓഫീസിൽ നിന്ന് രണ്ടുപേർ തന്നെ വന്നു കണ്ടു. പിറ്റേദിവസം പാർലമെൻറിൽ വച്ച് കണ്ടപ്പോൾ രണ്ടുപേർ വന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി വയലാർ ചോദിച്ചു എന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ഒരു മലയാളം വാരികയിലാണ് സെബാസ്റ്റ്യൻ പോൾ തനിക്കുണ്ടായ അനുഭവം എഴുതിയത്.കേരളത്തിൽ രണ്ട് എംഎൽഎമാർക്ക് കോടികൾ വിലയിട്ട സംഭവം വായിച്ചപ്പോഴാണ് ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് തനിക്ക് 25 കോടി രൂപ വാഗ്ദാനം ലഭിച്ച കാര്യം ഓർമ്മ വന്നതെന്ന് സെബാസ്റ്റ്യൻ പോൾ പറയുന്നു. ആണവ കരാറുമായി ബന്ധപ്പെട്ട ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എതിർത്ത് യുപിഎ സർക്കാരിന് വോട്ട് ചെയ്യാനായിരുന്നു രണ്ടുപേർ തന്നെ സമീപിച്ചത്.പ്രണബ് മുഖർജിയുടെ ഓഫീസിൽ നിന്നായിരുന്നു തൻറെ ഡൽഹിയിലെ വസതിയിൽ അവർ എത്തിയത്.പിറ്റേദിവസം പാർലമെൻറ് എത്തിയപ്പോൾ രണ്ടുപേർ കാണാൻ വന്നിരുന്നില്ലെയെന്ന് വയലാർ രവി ചോദിച്ചു. ഇനി അവർ വരില്ല എന്നും വയലാർ രവി പറഞ്ഞു. അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന എംപിമാർക്കും കോടികൾ ലഭിച്ചു. വോട്ടെടുപ്പിന് വേണ്ടി ഡൽഹിയിലേക്ക് പുറപ്പെട്ട പല എംപിമാരും കൂട്ടത്തോടെ ആശുപത്രിയിൽ എത്തിയതും ഈ ഡീലിന്റെ ഫലമാണെന്നും സെബാസ്റ്റ്യൻ പോൾ ലേഖനത്തിൽ പറയുന്നു.
46 1 minute read