പുരാതനമായതോ വിലപിടിപ്പുള്ളതോ ആയ വസ്തുക്കള്‍ കണ്ടെടുക്കുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലുണ്ട്. നിധികളും മറ്റും കണ്ടെടുക്കുന്ന വീഡിയോകള്‍ക്കൊപ്പം തന്നെ യുദ്ധങ്ങളില്‍, പ്രത്യേകിച്ചും രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിലെങ്ങും വിതറിയതും അതേസമയം ഇതുവരെ പൊട്ടാതെ സജീവമായിരിക്കുന്നതുമായ ബോംബുകള്‍ കണ്ടെടുക്കുന്ന വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പിലെ ചില വീട്ടുമുറ്റത്തും പറമ്പിലും റോഡില്‍ നിന്ന് പോലും ഇത്തരത്തില്‍ സജീവമായ ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് മറ്റൊന്നു കൂടി ചേര്‍ക്കപ്പെടുകയാണ്.
ഇന്‍സെയ്ന്‍ റിയാലിറ്റി ലീക്ക്‌സ് എന്ന എക്‌സ് ഹാന്റലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു 17 സെക്കന്റ് വീഡിയോ ക്ലിപ്പില്‍ അത്തരമൊരു കാഴ്ചയാണ് കാണിക്കുന്നത്. മണ്ണില്‍ നിന്നും കുഴിച്ചെടുത്ത ഒരു ബോക്‌സ് തുറക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഏറെ ശ്രമത്തിന് ശേഷം ആകാംഷയോടെ ബോക്‌സ് തുറക്കുമ്പോള്‍ അതിനുള്ളില്‍ കൃത്യമായി ക്രമീകരിച്ച നിലയില്‍ രണ്ട് വശങ്ങളിലായി പത്ത് കൈബോംബുകളായിരുന്നു ഉണ്ടായിരുന്നത്. ‘അത്ര വേഗത്തിലല്ല’ എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇസ്രയേല്‍ ഹമാസ്, ഹിസ്ബുള്ള യുദ്ധങ്ങളും റഷ്യ – യുക്രൈന്‍ യുദ്ധവും സജീവമായ ലോകത്ത് ഇത്തരമൊരു വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ആളുകള്‍ വലിയ ആശങ്കാണ് പങ്കുവച്ചത്. അതേസമയം വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല.
‘ഇത് രണ്ടാം ലോകമഹായുദ്ധത്തിലെ ജര്‍മ്മന്‍ 5 സെന്റര്‍മീറ്റര്‍ ഉയര്‍ന്ന സ്‌ഫോടകവസ്തു മോര്‍ട്ടാര്‍ റൗണ്ടുകള്‍ പോലെ കാണപ്പെടുന്നു.’ ഒരു കാഴ്ചക്കാരന്‍ ബോംബിനെ കുറിച്ച് എഴുതി. ‘ഞാനാണെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ മറ്റൊരാളെ വിളിക്കും.’ മറ്റൊരാള്‍ തന്റെ ഭയം പുറത്തെടുത്തു. ‘യുദ്ധം രസകരമായ ചില കരകൗശല വസ്തുക്കള്‍ അവശേഷിപ്പിക്കുന്നു.’ എന്നായിരുന്നു ഒരു കുറിപ്പ്. ‘കിട്ടിയേടത്ത് ഇട്ടിട്ട് പോകും.’ നിധികളൊന്നുമല്ലാത്തില്‍ ഒരു കാഴ്ചക്കാരന്‍ നിരാശ പ്രകടിപ്പിച്ചു. നിരവധി പേരാണ് അത് അവിടെ ഉപേക്ഷിച്ച് പോകൂ എന്ന് കുറിച്ചത്. പലരും ബോംബ് പൊട്ടുന്നതാണോയെന്ന് ആശങ്ക പ്രകടിപ്പിച്ചു. ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം പേരാണ് വീഡിയോ കണ്ടത്.
57 1 minute read