മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റര്‍ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. നിപ ലക്ഷണങ്ങളുണ്ടെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
അതേ സമയം മരിച്ച 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചു. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്‌ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ച് നിപാ ലക്ഷണങ്ങളാണ് കുട്ടിക്കുളളതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തി .
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരിച്ചു. 246പേരാണ് 14 കാരന്റെ സമ്പര്‍ക്ക പട്ടികയിലുളളത്. അവരില്‍ 63 പേര്‍ ഹൈറിസ്‌കിലാണുള്ളത്. നിപ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. കടകള്‍ രാവിലെ 10 മുതല്‍ 5 മണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുളളു. മദ്രസ, ട്യൂഷന്‍ സെന്റര്‍ നാളെ പ്രവര്‍ത്തിക്കരുത്. മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ക്ക് ആള്‍കൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.
70 1 minute read