ഓരോ അരിക്കും ഓരോ വിലയാണ്. അരിയുടെ ഗുണങ്ങളടക്കം പല കാരണങ്ങളും അതിനുണ്ടാകും. ഇന്ത്യയില്‍ പ്രീമിയം ക്വാളിറ്റി അരിക്ക് നൂറോ ഇരുന്നൂറോ ആയിരിക്കും വില. എന്നാല്‍, ജപ്പാനില്‍ കണ്ടുവരുന്ന ഈ അരിയുടെ വില കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടാന്‍ സാധ്യതയുണ്ട്. ഈ അരിയുടെ വില എത്രയാണ് എന്നോ? കിലോയ്ക്ക് 10,036 രൂപ.
ഓഡിറ്റി സെന്‍ട്രലിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കിന്‍മെമൈ പ്രീമിയം എന്നാണ് ഈ അരിയുടെ പേര്. ലോകത്തിലെ ഏറ്റവും വില കൂടിയ അരി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഇതിനുണ്ട്. ഈ അരി പോഷകങ്ങളാല്‍ സമൃദ്ധമാണ് എന്നും ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നുമാണ് പറയപ്പെടുന്നത്. കിന്‍മെമൈ പ്രീമിയം 140 ഗ്രാം പാക്കറ്റുകളിലായിട്ടാണ് വില്‍ക്കുന്നത്. ഒരു കിലോയ്ക്ക് ഏകദേശം $120 (ഏകദേശം 10,036 രൂപ) ആണ് വില.
2016 -ല്‍, കിലോയ്ക്ക് 109 ഡോളര്‍ (ഏകദേശം 9,116 രൂപ) വിലയുണ്ടായിരുന്ന ഈ അരി ആ വര്‍ഷം ഏറ്റവും വിലയേറിയ അരി എന്ന ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.
ജപ്പാനിലെ ടോയോ റൈസ് കോര്‍പ്പറേഷനാണ് കിന്‍മെമൈ പ്രീമിയം നിര്‍മ്മിക്കുന്നത്. അഞ്ച് തരം ജാപ്പനീസ് അരികളില്‍ നിന്ന് തിരഞ്ഞെടുത്ത ധാന്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ അരി. 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് വികസിപ്പിച്ചെടുത്ത റൈസ്-ബഫിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ വേര്‍തിരിക്കല്‍ നടത്തുന്നത്.
ഇതിന്റെ രുചി ഇഷ്ടപ്പെടുന്നവരും ഗുണം ഇഷ്ടപ്പെടുന്നവരും അടക്കം ഒട്ടേറെപ്പേര്‍ ഈ അരി വാങ്ങുന്നവരുണ്ട്. ഈ അരിയുടെ മറ്റൊരു പ്രത്യേകത അത് കഴുകാതെ തന്നെ വേവിക്കാം എന്നതാണ്. പതുപതുത്ത വെല്‍വെറ്റ് പോലെയുള്ള അരിയാണിത്.
48 1 minute read