മലയാള സിനിമയിലെ പ്രമുഖയായ നടി കരിയര്‍ കെട്ടിപ്പടുത്തത് സിനിമയില്‍ വിട്ടുവീഴ്ച ചെയ്തതിനാലാണെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഇത്തരത്തില്‍ അഡ്‌ജെസ്റ്റ്‌മെന്റ് ചെയ്യുന്നതില്‍ തെറ്റില്ലെന്ന് കരുതുന്നവരാണ് ചില വനിതാ ജീവനക്കാരുടെ അമ്മമാരുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സിനിമാ മേഖലയിലെ സ്ത്രീ ജീവനക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
സിനിമയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ ലഹരി ഉപഭോഗവും മദ്യപാനവും വര്‍ദ്ധിച്ചു. മദ്യപിച്ചെത്തി നടിമാര്‍ താമസിക്കുന്ന റൂമിന്റെ വാതിലില്‍ തട്ടുന്നതും പതിവാണ്. പ്രമുഖര്‍ പോലും നടിമാരെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. മൊഴികളുടെ വിശ്വാസ്യതയും പരിശോധിച്ച് കണ്ടെത്തിയെന്നാണ് ഹേമാ കമ്മിറ്റി സാക്ഷ്യപ്പെടുത്തുന്നത്.
സിനിമയിലെ നര്‍ത്തകര്‍ മൊഴി നല്‍കിയില്ല. രണ്ട് പേര്‍ മാത്രം എത്തി. അവര്‍ മൊഴി നല്‍കിയില്ല. മറ്റുള്ളവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് പോലും പിന്മാറി. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ ഒരാള്‍ മാത്രമാണ് മൊഴി നല്‍കിയത്.
സിനിമയിലെ സംഘടനയില്‍ പരാതി ഉന്നയിക്കാന്‍ നടിമാര്‍ക്ക് ഭയമാണ്. ഉന്നതര്‍ക്ക് വിവരം ചോര്‍ന്നുകിട്ടുമെന്നാണ് പരാതിക്കാരുടെ ആശങ്ക. പ്രത്യാഘാതങ്ങള്‍ ഭയന്ന് നിശബ്ദരായിരിക്കേണ്ട അവസ്ഥയാണുള്ളത്. പൊലീസിനെ സമീപിച്ചാല്‍ കനത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് വനിതാ ജീവനക്കാര്‍ ഭയപ്പെടുന്നു. പോക്‌സോ പോലും ചുമത്താവുന്ന കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട്. പൊലീസിനെയോ കോടതിയേയോ സമീപിച്ചാല്‍ നേരിടേണ്ടി വരുന്നത് മോശം പരിണിത ഫലങ്ങളാണെന്ന് പലരും മൊഴി നല്‍കി. ഇര മാത്രമല്ല, കുടുബാംഗങ്ങളും അപകടത്തിലാകുമെന്നും മൊഴികളുണ്ട്.
100 1 minute read