BREAKINGENTERTAINMENTKERALA

ഒറ്റയ്ക്ക് ഹോട്ടല്‍മുറിയില്‍ കഴിയാന്‍ സ്ത്രീകള്‍ക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി

തിരുവനന്തപുര: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ദുരൂഹതകളുടെ ആകാശം വാസ്തവത്തില്‍ അങ്ങനെയല്ലെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. നക്ഷത്രങ്ങള്‍ക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ല. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുത്. ഉപ്പുപോലും കാഴ്ചയ്ക്ക് പഞ്ചസാര പോലെയാണ്. സിനിമയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇങ്ങനെ തുടങ്ങുന്നു.
സിനിമാ മേഖലയില്‍ കാസ്റ്റിങ് കൗച്ച് യാഥാര്‍ഥ്യമാണ്. ഒറ്റയ്ക്ക് ഹോട്ടല്‍മുറിയില്‍ കഴിയാന്‍ സ്ത്രീകള്‍ക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷന്‍മാര്‍ നിരന്തരം വാതിലില്‍ ശക്തിയായി ഇടിക്കാറുണ്ട്. വാതില്‍ തകര്‍ത്ത് ഇവര്‍ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്. പല നടിമാരും നല്‍കിയ മൊഴി അനുസരിച്ച് ഐപിസി, പോഷ് നിയമങ്ങള്‍ അനുസരിച്ച് കേസെടുക്കേണ്ട പല സംഭവങ്ങള്‍ ഉണ്ടായി. എന്നാല്‍ സിനിമയില്‍നിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയില്‍ പലരും നിശബ്ദത പാലിക്കുന്നു. നടന്‍മാരോട് ഇതേക്കുറിച്ച് കമ്മിറ്റി ചോദിച്ചപ്പോള്‍ ഇങ്ങനെ കേസിനു പോയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ എന്താണെന്ന് അറിയാമെന്നായിരുന്നു മറുപടി. കേസിനു പോകുകയാണെങ്കില്‍, പ്രശസ്തരായതിനാല്‍ സൈബര്‍ ആക്രമണം പോലുള്ള ഉപദ്രവങ്ങള്‍ ഉണ്ടാകുമെന്ന് നടിമാര്‍ ഭയക്കുന്നു. ന്മ കോടതിയേയോ പൊലീസിനെയോ സമീപിച്ചാല്‍ ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്ന് നടിമാര്‍ ഭയക്കുന്നു
ആര്‍ത്തവസമയത്ത് നടിമാര്‍ സെറ്റില്‍ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളെന്നും റിപ്പോര്‍ട്ട്. പാഡ് മാറ്റുന്നതിന് പോലും സെറ്റില്‍ നേരിടുന്നത് വലിയ പ്രതിസന്ധി. മൂത്രമൊഴിക്കാന്‍ പോകാന്‍ സാധിക്കാതെ മണിക്കൂറുകളോളം സെറ്റില്‍ തുടരേണ്ടി വരാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാള സിനിമാ മേഖലയിലെ പലര്‍ക്കും മൂത്രാശന അണുബാധ അടക്കമുള്ള രോഗങ്ങള്‍ക്കും വിധേയരാകേണ്ടി വരുന്നു. പലപ്പോളും പ്രൊഡക്ഷന്‍ യൂണിറ്റില്‍ ഉള്ളവര്‍ ശുചിമുറി ഉപയോഗിക്കാന്‍ പോലും സ്ത്രീകളെ അനുവദിക്കാറില്ല.

Related Articles

Back to top button