BREAKINGINTERNATIONALNATIONAL

ഓരോ 10 മിനിറ്റിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു, കൊലപാതകികള്‍ പങ്കാളികളോ ബന്ധുക്കളോ

2023 -ല്‍, ലോകമെമ്പാടുമുള്ള 85,000 സ്ത്രീകളും പെണ്‍കുട്ടികളും മനപ്പൂര്‍വമുള്ള കൊലപാതകത്തിന് ഇരയായതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. യുഎന്‍ വിമെന്‍, യുഎന്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം ഓഫീസിന്റെയും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇവരില്‍ 51,100 പേരെയും, അതായത് ഏകദേശം 60 ശതമാനം പേരെയും കൊലപ്പെടുത്തിയത് പങ്കാളികളോ കുടുംബാംഗങ്ങളോ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓരോ ദിവസവും ശരാശരി 140 സ്ത്രീകളും പെണ്‍കുട്ടികളും കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത്, ഓരോ 10 മിനിറ്റിലും ഒരു കൊലപാതകമെങ്കിലും നടക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള അന്താരാഷ്ട്ര ദിനത്തിലാണ് (Day for the Elimination of Violence against Women) യുഎന്‍ വിമെനും യുഎന്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം ഓഫീസും റിപ്പോര്‍ട്ട് ( Femicides in 2023: Global Estimates of Intimate Partner/Family Member Femicides report) പുറത്തിറക്കിയിരിക്കുന്നത്.
പങ്കാളികളോ കുടുംബാം?ഗങ്ങളോ ആണ് മിക്ക സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഘാതകരായിത്തീര്‍ന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആഫ്രിക്കയിലാണ് ഏറ്റവും അധികം സ്ത്രീകള്‍ ഇങ്ങനെ കൊല്ലപ്പെട്ടിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 21,700 പേരാണ് ഇവിടെ കൊല്ലപ്പെട്ടിരിക്കുന്നത്.
അമേരിക്കയും ഓഷ്യാനിയയുമാണ് പിന്നീട് വരുന്നത്. യൂറോപ്പിലും അമേരിക്കയിലും, വീട്ടില്‍ കൊല്ലപ്പെട്ട മിക്ക സ്ത്രീകളെയും കൊലപ്പെടുത്തിയത് ( 64 ശതമാനവും 58 ശതമാനവും) പങ്കാളികളാണ്. മറ്റിടങ്ങളില്‍ കുടുംബാംഗങ്ങളാണ് കൊലപാതകികള്‍.
ഏഷ്യയും യൂറോപ്പുമാണ് കുറവ് കൊലപാതകങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലായിടത്തും കൂടുതലും കൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത് കൊല്ലപ്പെട്ടവരുടെ ഉറ്റവരോ ബന്ധുക്കളോ തന്നെയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2022 -നേക്കാള്‍ ഉയര്‍ന്നതാണ് 2023 -ലെ കണക്ക്. എന്നാല്‍, കൊലപാതകങ്ങളുടെ എണ്ണം വര്‍ധിച്ചതിനേക്കാള്‍ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വര്‍ധിച്ചതായിരിക്കാം ഇതിന് കാരണം എന്നാണ് വിദ?ഗ്ദ്ധര്‍ പറയുന്നത്.

Related Articles

Back to top button