BREAKINGINTERNATIONAL

ഓവര്‍ടൈം ജോലിക്ക് ശേഷം ഓഫീസില്‍ ഉറങ്ങിപ്പോയ ജീവനക്കാരനെ പിരിച്ചുവിട്ടു; 40 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

ഓവര്‍ടൈം ജോലി ചെയ്തതിന് തൊട്ടടുത്ത ദിവസം ഓഫീസില്‍ ഇരുന്നു ക്ഷീണം മൂലം ഉറങ്ങിപ്പോയ ജീവനക്കാരനെ പുറത്താക്കിയ കമ്പനിക്കെതിരെ കോടതി നടപടി. കമ്പനിയെ വിമര്‍ശിച്ച കോടതി ജീവനക്കാരന് നഷ്ടപരിഹാരമായി 3,50,000 യുവാന്‍ (40 ലക്ഷം രൂപ) നല്‍കാന്‍ ചൈനീസ് കോടതി ഉത്തരവിട്ടു. തെക്കുകിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ തായ്സിംഗിലുള്ള ഒരു കെമിക്കല്‍ കമ്പനിയില്‍ ഡിപ്പാര്‍ട്ട്മെന്റ് മാനേജരായി ജോലി ചെയ്തിരുന്ന ഷാങ് എന്നയാളെയാണ് ജോലി സമയത്ത് ഉറങ്ങിയെന്ന് ആരോപിച്ച് കമ്പനി പുറത്താക്കിയത്.
രണ്ട് ദശാബ്ദ കാലത്തോളം കമ്പനിക്കായി ജോലി ചെയ്തിട്ടും കമ്പനി തന്നോട് കാണിച്ചത് അനീതിയാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു ഇദ്ദേഹം കോടതിയില്‍ പരാതി നല്‍കിയത്. ഓഫീസ് സമയത്ത് താന്‍ ക്ഷീണം കൊണ്ട് ഉറങ്ങി പോയതാണെന്നും സംഭവം നടക്കുന്നതിന് തൊട്ടു മുന്‍പത്തെ ദിവസം താന്‍ ഓവര്‍ടൈം ജോലി ചെയ്തിരുന്നുവെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. സംഭവം നടന്ന രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജോലി സമയത്ത് ഉറങ്ങിയെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് കമ്പനിയുടെ എച്ച് ആര്‍ വിഭാഗം ഷാങ്ങിനെ പിരിച്ചുവിട്ടത്.
ഓഫീസിലെ നിരീക്ഷണ ക്യാമറയില്‍ ഇയാള്‍ ഉറങ്ങുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഒരു മണിക്കൂറോളം സമയം ഷാങ് ഓഫീസ് സമയത്ത് ഉറങ്ങിയെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാല്‍, കേസില്‍ കോടതി ജീവനക്കാരന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും കമ്പനിയോട് 3,50,000 യുവാന്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. 40 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണിത്. രണ്ട് ദശാബ്ദകാലത്തോളം കമ്പനിക്കായി അധ്വാനിച്ച ഒരു മനുഷ്യനില്‍ നിന്ന് വന്ന ചെറിയ പിഴവിനെ ഇത്ര ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കേണ്ടതില്ലെന്നും കമ്പനിയുടെ നടപടി മനുഷ്യത്വരഹിതമാണെന്നും കോടതി നിരീക്ഷിച്ചു.

Related Articles

Back to top button