ദക്ഷിണ ചൈനയില്‍ കടലിന് അടിത്തട്ടില്‍ വലിയ അളവില്‍ വെള്ളി കുമിഞ്ഞു കൂടിയതായി ഗവേഷകരുടെ കണ്ടെത്തല്‍. ഈ കണ്ടത്തില്‍ ആശങ്കപ്പെടുത്തുന്നതാണെന്നും ലോകസമുദ്രങ്ങളില്‍ ഉടനീളം സമാനമായ രീതിയില്‍ വെള്ളിയുടെ സാന്നിധ്യം കണ്ടെത്തിയേക്കാം എന്നും ഗവേഷകര്‍ പറയുന്നു.
നിലവില്‍ ദക്ഷിണ ചൈനയ്ക്ക് പുറമേ വിയറ്റ്‌നാമിന്റെ തീര മേഖലകളിലും വെള്ളിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഗോളതാപനമാണ് ഇത്തരത്തില്‍ ലോഹം അടിഞ്ഞുകൂടാന്‍ കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ചൈനയിലെ ഹെഫീ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ജിയോസയന്‍സ് അസോസിയേറ്റ് പ്രൊഫസറായ ലിക്വിയാംഗ് സുവിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഇതുമായി ബന്ധപ്പെട്ട പഠന വിവരങ്ങള്‍ പുറത്തുവിട്ടത്. സമുദ്രത്തിലെ വെള്ളി ചക്രങ്ങളും ആഗോളതാപനവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുന്ന ആദ്യ ഗവേഷണം ആണിത്. ആഗോളതാപനം മറ്റ് മൂലകങ്ങളിലും അജ്ഞാതമായ സ്വാധീനം ചെലുത്തുമെന്ന് കണ്ടെത്തല്‍ സൂചിപ്പിക്കുന്നു.
1850 മുതലാണ് വിയറ്റ്നാമിന്റെ തീരമേഖലകളില്‍ വെള്ളി അടിയാന്‍ തുടങ്ങിയതെന്നും കഴിഞ്ഞ ഏതാനും നാളുകളായി ഇതു വര്‍ദ്ധിച്ചുവെന്നും ലിക്വിയാംഗ് സു വ്യക്തമാക്കി. മറ്റ് മൂലകങ്ങളും ലോഹങ്ങളും പോലെ വെള്ളിയും മണ്ണില്‍ നിന്നാണ് ഉദ്പാദിപ്പിക്കപ്പെടുന്നത്. ഇത്തരത്തില്‍ പാറക്കെട്ടുകളിലും മറ്റുമുള്ള വെള്ളി മഴവെള്ളത്തിലൂടെ സമുദ്രങ്ങളില്‍ ഒലിച്ചെത്തുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടായ ശക്തമായ മഴ ഈ ഒലിച്ചിറങ്ങലിനെ വേഗത്തിലാക്കി. ഇതിന് പുറമേ അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ ഉള്‍പ്പെടെ പ്രവര്‍ത്തനഫലമായും കടലിന്റെ ആഴങ്ങളിലും വെള്ളി രൂപപ്പെടുന്നുണ്ടെന്നാണ് ഗവേഷക സംഘം പറയുന്നത്.
ഈ കണ്ടെത്തല്‍ ഒട്ടും ആശാവഹമല്ലെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികള്‍ നമ്മെ കാത്തിരിപ്പുണ്ടെന്നും ലിക്വിയാംഗ് സു വ്യക്തമാക്കുന്നു. വെള്ളി കുമിഞ്ഞു കൂടുന്നത് കടലിലെ ജീവിവര്‍ഗങ്ങള്‍ക്ക് വളരെ ദോഷമാണെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. വെള്ളി ഇത്തരത്തില്‍ അടിയുന്നത് അധികം വൈകാതെ കടലിലെ ജീവികളുടെ നാശത്തിന് വഴിവയ്ക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
73 1 minute read