കെ എം സന്തോഷ് കുമാര്‍
നദികളും കായലുകളും കൊണ്ട് സമൃദ്ധമായ കേരളത്തിന്റെ തനതായ കലാ-കായിക- സാംസ്‌കാരിക ആഘോഷമാണല്ലോ ജലോല്‍സവങ്ങള്‍ . ആചാരങ്ങളും പാരമ്പര്യവും രാജഭരണ ചരിതവും പടയോട്ടവും ഗ്രാമ്യ കാര്‍ഷിക ജീവിതവും കൈ -മെയ്യ് കരുത്തിന്റെ ലഹരിയും എല്ലാമെല്ലാം മനോഹാരിതയോടെ സമ്മേളിക്കുന്ന മറ്റൊരു ഉത്സവവും മത്സരവും വള്ളംകളി പോലെ മറ്റൊന്നില്ല.
ആചാരപരമായും ആഘോഷങ്ങള്‍ക്കും മത്സരങ്ങള്‍ക്കും വെപ്പ്, ഓടി , ചുരുളന്‍ തുടങ്ങിയ വള്ളങ്ങള്‍ ഉപയോഗിക്കാറുണ്ടെങ്കിലും ജലപരപ്പിലെ രാജന്‍ ചുണ്ടന്‍ വള്ളങ്ങള്‍ തന്നെയാണ്. അഴകു കൊണ്ടും പ്രൗഢ ഗാംഭീര്യം കൊണ്ടും നിര്‍മ്മാണ വൈശിഷ്ട്യം കൊണ്ടും ചുണ്ടന്‍ വള്ളങ്ങള്‍ക്കുള്ള സ്ഥാനം മലയാളി മനസില്‍ ഗിരി സമാനമാണ്. ചെമ്പകശ്ശേരി രാജാവിന്റെ പടയോട്ടത്തിലൂടെ ചരിത്രത്തില്‍ ഉദയം ചെയ്ത ചുണ്ടന്‍ വള്ളങ്ങളുടെ നിര്‍മ്മാണ രീതി പൗരാണിക ഗൃന്ഥമായ സ്ഥപത്യ വേദത്തില്‍ നിന്നുള്ളതാണ്. വാസ്തുവിദ്യയുടേയും ശില്പകലയുടേയും അനന്യമായ സവിശേഷതയാണ് ചുണ്ടന്‍ വള്ളങ്ങളുടെ സര്‍പ്പ സൗന്ദര്യ മികവില്‍ ദര്‍ശിക്കാനാകുന്നത്.
ആലപ്പുഴ , കോട്ടയം ജില്ലകളില്‍ പലയിടങ്ങളിലും വള്ളം കളി മത്സരങ്ങള്‍ നടക്കാറുണ്ടെങ്കിലും കുട്ടനാടിന്റെ സ്വന്തം പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി വള്ളംകളിയാണ് ജലോല്‍സവങ്ങളിലെ താരപ്രഭ . പേരും പെരുമയുമാര്‍ജ്ജിച്ച ചുണ്ടന്‍ വള്ളങ്ങളെല്ലാം നെഹ്‌റു ട്രോഫിയില്‍ മുത്തമിടാന്‍ പുന്നമടക്കായലില്‍ അണിനിരക്കും. കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നും മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ഈ ആവേശോജ്ജ്വല ജലമേള കാണാന്‍ ആളുകള്‍ എത്താറുണ്ട് എല്ലാ വര്‍ഷവും .
ഇത്തവണ മുതല്‍ ജലോല്‍ത്സവങ്ങളിലേയ്ക്ക് പുതിയൊരു ജലരാജന്‍ കൂടിയെത്തുകയാണ്. പരുമല കടവില്‍ തറവാട്ടില്‍ നിന്ന് ഒരു ചുണ്ടന്‍ വള്ളം. കടവില്‍ സെന്റ് ജോര്‍ജ് ചുണ്ടന്‍ വളളം. അന്‍പത്തിരണ്ടേകാല്‍ കോല്‍ നീളവും അന്‍പത്തിരണ്ട് അംഗുലം വീതിയുമുണ്ട് കടവില്‍ സെന്റ് ജോര്‍ജ് ചുണ്ടന് . തൊണ്ണൂറ്റി മൂന്ന് തുഴക്കാരെയും അഞ്ച് അമരക്കാരെയും ഒന്‍പത് താളക്കാരെയും വഹിക്കുന്നതാണീ ചുണ്ടന്‍ . ചുണ്ടന്‍ വള്ളങ്ങളുടെ പെരുന്തച്ചന്‍ ഉമാ മഹേശ്വരന്റെ നേതൃത്വത്തില്‍ ഒന്‍പതു മാസം കൊണ്ടാണ് ചുണ്ടന്റെ പണി പൂര്‍ത്തിയാക്കിയത്.
ആഗസ്റ്റ് 18 ഞായറാഴ്ച കടവില്‍ സെന്റ് ജോര്‍ജ് ചുണ്ടന്‍ നീരണിയുകയാണ്. രാവിലെ 11 മണിയ്ക്ക് മാവേലിക്കര ഭദ്രാസന അഭിവന്ദ്യ മെത്രാപ്പൊലീത്ത മാത്യൂസ് മാര്‍ എപ്പിഫാനിയോസ് തിരുമേനി ചുണ്ടന്‍ വള്ളത്തിന്റെ കൂദാശ കര്‍മ്മം നിര്‍വ്വഹിക്കുന്നതിലൂടെ നീരണിയല്‍ ചടങ്ങുകള്‍ ആരംഭിക്കും.തദവസരത്തില്‍ സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ആശംസകള്‍ അര്‍പ്പിക്കും
ഖത്തറിലെ പ്രമുഖ ഡോക്ടറും കേരള ഭൂഷണം മാനേജിംഗ് ഡയറക്ടറുമായ കടവില്‍ ഡോ: കെ സി ചാക്കോയും അദ്ദേഹത്തിന്റെ പുത്രന്‍ ഡോ അമിത് ജോര്‍ജ് ജേക്കബുമാണ് വള്ളം നിര്‍മ്മിച്ചിട്ടുള്ളത്. ഇനി വരാനിരിക്കുന്ന വള്ളംകളി മത്സരങ്ങളില്‍ കടവില്‍ സെന്റ് ജോര്‍ജ് ചുണ്ടനും അങ്കം കുറിക്കും.