BREAKINGKERALA
Trending

കണ്ണീരോടെ… അര്‍ജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജനത്തിരക്ക്

കണ്ണൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നു. തലപ്പാടി ചെക്ക്‌പോസ്റ്റിലും കാസര്‍കോടും നിരവധി പേരാണ് അര്‍ജുന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്. പുലര്‍ച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂര്‍ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂര്‍ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.
കേരള, കര്‍ണാടക പൊലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. രാവിലെ 8 മണിയോടെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും ഷിരൂരിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്.
കുടുംബം പോറ്റാനായി വളയം പിടിച്ച് ജീവിതവഴികള്‍ തേടിയ അര്‍ജുന്‍ മുഴുവന്‍ മലയാളികളുടെയും നൊമ്പരമായിട്ടാണ് രണ്ടര മാസം കഴിഞ്ഞ് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക് തിരിച്ചു വരുന്നത്. പ്രതിസന്ധികളും വലിയ ഉത്തരവാദിത്വങ്ങളുമായിരുന്നു ചെറുപ്രായത്തില്‍ തന്നെ അര്‍ജുന് കൂട്ട്. കൂലിപ്പണിക്കാരനായ അച്ഛന്‍, അമ്മ രണ്ടു സഹോദരിമാര്‍ ഒരു അനിയന്‍ ഇവരെയെല്ലാം ചുമലിലേറ്റാനാണ് കണ്ണാടിക്കല്‍ പ്രേമന്റെയും ഷീലയുടെയും മകന്‍ അര്‍ജുന്‍ പ്ലസ് ടു വിന് ശേഷം ഒരു തുണിഷോപ്പില്‍ ജോലി നോക്കിയത്. പിന്നെ ഇടയ്ക്കിടെ പെയിന്റിംഗ്. മറ്റ് ജോലികള്‍.
പതിനാറാം വയസില്‍ വളയം തൊട്ട അര്‍ജുന്‍ ഇരുപതാം വയസില്‍ വലിയ വാഹനം ഓടിച്ചു തുടങ്ങി. മൂത്ത ചേച്ചിയുടെ വിവാഹം. അനുജത്തിയുടെയും അനുജന്റെയും പഠനം, പുതിയ വീട് തുടങ്ങി കുടുംബത്തിന്റെ സാക്ഷാത്കരിക്കപ്പെട്ട എല്ലാ സ്വപ്നങ്ങളിലും അര്‍ജുന്റെ ചെറുപ്രായത്തിലെ അധ്വാനത്തിന്റെ വിയര്‍പ്പുറ്റിയിരുന്നു. ഇതിനിടയില്‍ ജീവിതസഖിയായി കൃഷ്ണപ്രിയ. ജീവിത യാത്രയില്‍ മറ്റൊരു സന്തോഷവുമായി മകനുമെത്തി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളയം പിടിക്കുമ്പോള്‍ വാഹനത്തില്‍ പലപ്പോഴും അര്‍ജുന്‍ ഒറ്റക്കായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും വീട്ടിലേക്കുള്ള സാധനങ്ങളും കളിപ്പാട്ടങ്ങളുമായുള്ള തിരിച്ചു വരവ്. ഏതു പ്രതിസന്ധിയില്‍പ്പെട്ടാലും മകന്‍ തിരിച്ചു വരുമെന്നൊരു ഉറപ്പുണ്ടായിരുന്നു ആ അച്ഛന്. അത് ക്രമേണ മങ്ങി മങ്ങി ഒടുവില്‍ വരില്ലെന്ന് മനസ് പറഞ്ഞു പഠിപ്പിച്ചിട്ടും അത്ഭുതം സംഭവിക്കുമെന്ന് ആ മനുഷ്യന്‍ സ്വപ്നം കണ്ടിട്ടുണ്ടാകാം. കുടുംബം പുലര്‍ത്താന്‍ വഴികള്‍ ഒറ്റയ്ക്ക് വെട്ടിത്തെളിച്ച അര്‍ജുന്‍ തിരിച്ചെത്തുകയാണ്. കണ്ണാടിക്കലെ വീട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ ലോകത്തിന്റെ മുഴുവന്‍ സ്‌നേഹവും പ്രാര്‍ത്ഥനയുമുണ്ട്.

Related Articles

Back to top button