വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് സമയം നീട്ടി നല്‍കി വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. നവംബര്‍ 25ന് റിപ്പോര്‍ട്ട് ഹാജരാക്കുമെന്ന് പോലീസ് കോടതിയെ അറിയിച്ചു.
അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലവും ഹാജരാക്കാന്‍ നവംബര്‍ 9ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കിയില്ല. റിപ്പോര്‍ട്ടും പരിശോധനാ ഫലവും സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇന്ന് 2.30ന് കോടതി ചേരുമ്പോള്‍ തന്നെ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണമെന്നാണ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നു.
കോടതി വീണ്ടും ചേര്‍ന്നപ്പോഴും പോലീസ് സമയം നീട്ടി ചോദിച്ചതോടെയാണ് 25ന് റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാ ഫലവും സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടത്. കേസില്‍ 29ന് വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.
വ്യാജ സ്‌ക്രീന്‍ ഷോട്ടില്‍ കേസ് എടുത്ത് എട്ട് മാസമായിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാല്‍ പോലീസിന്റെ വാദവും കൂടെ കേട്ടശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുന്‍പ് തന്നെ ഈ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
51 1 minute read