കായംകുളം: ആലപ്പുഴ കായംകുളത്ത് പൊലീസ് അര്‍ദ്ധരാത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചെന്ന് പരാതി. യൂക്ക് കോണ്‍ഗ്രസ് നേതാവ് റിയാസിനെ അന്വേഷിച്ച് എത്തിയ പോലീസ് സംഘം അര്‍ധരാത്രി വീടിന്റെ കതക് ചവിട്ടി പൊളിച്ച് അകത്ത് കയറിയെന്നാണ് പരാതി. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട സമരത്തില്‍ കഴിഞ്ഞ ദിവസം പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ കേസെടുത്തതിന് പിന്നാലെ ആയിരുന്നു പൊലീസ് നടപടി
ഒരു പൊതുപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് യാതൊരു മര്യാദയും പാലിച്ചില്ലെന്ന് റിയാസിന്റെ കുടുംബം പറയുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പൊലീസ് വീട്ടിലെത്തിയത്. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നാണ് പൊലീസ് റിയാസിനെ തേടിയത്. അപ്രീക്ഷിതമായി ഉണ്ടായ സംഭവത്തില്‍ വീട്ടിലുള്ള പ്രായമായവരും സ്ത്രീകളും ഭയന്നു പോയെന്ന് റിയാസിന്റെ ഉമ്മ റംലത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടികളെയടക്കം ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്ന് റിയാസിന്റെ ഭാര്യ സഹാനയും പറയുന്നു.
ദേശീയപാതയില്‍ കായംകുളത്ത് ഉയരപ്പാത നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിലായിരുന്നു. നിരാഹാരമിരുന്നവരെ അറസ്റ്റു ചെയ്തു നീക്കാന്‍ പൊലീസ് ശ്രമിച്ചപ്പോഴാണ് ഇരു കൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. റിയാസ് ഉള്‍പ്പടെ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
പൊലീസില്‍ ക്രിമിനലുകള്‍ ഉണ്ടെന്നും അവരെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. അതേ സമയം സംഭവത്തില്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കായംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയതായാണ് വിവരം. എന്നാല്‍ കതക് പൊളിച്ചു എന്നത് അടക്കം പരാതികള്‍ കായംകുളം പൊലീസ് പൂര്‍ണ്ണമായി തള്ളി.
36 1 minute read