BREAKINGKERALA
Trending

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കെട്ടിയിട്ട് 25ലക്ഷം രൂപ കവര്‍ന്നു

കോഴിക്കോട്: എ.ടി.എമ്മില്‍ നിക്ഷേപിക്കുന്നതിനായി കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ കാര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കെട്ടിയിട്ട് കൊള്ളയടിച്ചു. വടകരയ്ക്കും കുറ്റ്യാടിക്കും ഇടയിലുള്ള കാട്ടില്‍പീടികയില്‍ വൈകീട്ട് മൂന്നരയ്ക്കാണ് സംഭവം. പയ്യോളി സ്വദേശി സുഹൈലാണ് ആക്രമണത്തിന് ഇരയായത്. ഇന്ത്യ വണ്‍ എ.ടി.എം. ഫ്രാഞ്ചൈസി ജീവനക്കാരനാണ് സുഹൈല്‍.
പണവുമായി കോഴിക്കോട് ഭാഗത്തേക്ക് വരുമ്പോള്‍ അരിക്കുളം കുരുടിമുക്കില്‍ നിന്നും പര്‍ദ്ദയിട്ട സ്ത്രീ കാറിന് മുന്നിലേക്ക് ചാടി. വണ്ടി നിര്‍ത്തിയ ഉടനെ സ്ത്രീ അതിക്രമിച്ച് കാറിലേക്ക് കയറിയെന്നും തന്നെ സ്‌പ്രേ അടിച്ച് ബോധം കെടുത്തിയെന്നും സുഹൈല്‍ പറഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ തിരുവങ്ങൂര്‍ ഭാഗത്തായിരുന്നുവെന്നാണ് സുഹൈല്‍ പോലീസിനോട് പറഞ്ഞത്. സുഹൈല്‍ കാറില്‍ കെട്ടിയിട്ട നിലയിലായിരുന്നു. യുവതിക്ക് പുറമെ, കാറില്‍ വേറെയും ആളുകള്‍ ഉണ്ടായിരുവെന്നും കാട്ടില്‍ പീടികയില്‍ കാര്‍ നിര്‍ത്തിയശേഷം ഈ സംഘം കടന്നുകളഞ്ഞുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
കാറിനുള്ളില്‍ പൂര്‍ണമായും മുളകുപൊടിയും വിതറിയ നിലയിലായിരുന്നു. കൊയിലാണ്ടി പോലീസ് എത്തിയാണ് സുഹൈലിനെ ആശുപത്രിയിലേക്ക് മാറ്റിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

Related Articles

Back to top button