മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകർക്ക് മുന്നിൽ കുരുക്കായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാം ലൈസൻസ് ചട്ടങ്ങൾ സംരംഭകസൗഹ്യദമായരീതിയിൽ ഭേദഗതി ചെയ്ത് പുതുക്കിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നു.
അസഹ്യതയുളവാക്കുന്ന പ്രവൃത്തികളുടെ പട്ടികയിൽ ആയിരുന്നു 2012 ഏപ്രിൽ 19- ന് പ്രസിദ്ധപ്പെടുത്തിയ കേരള പഞ്ചായത്ത് രാജ് ( ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ) ചട്ടങ്ങൾ മൃഗസംരക്ഷണ സംരംഭങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പശുക്കൾ, അഞ്ച് പന്നികൾ, ഇരുപത് ആടുകൾ, ഇരുപത്തിയഞ്ച് മുയലുകൾ, നൂറ് കോഴികൾ ഇതിൽ മിക്ക മൃഗങ്ങളെയും വീട്ടുമുറ്റത്ത് വളർത്തണമെങ്കിൽ പോലും ലൈസൻസ് വേണമെന്നായിരുന്നു ചട്ടം.ഒട്ടും കർഷക സൗഹൃദമല്ലാത്ത ഈ ലൈസൻസ് ചട്ടങ്ങൾ സംരംഭകർക്കുണ്ടാക്കിയ സാമ്പത്തിക ബാധ്യതകളും സമയനഷ്ടവും ക്ലേശങ്ങളും ചെറുതല്ലായിരുന്നു. സംരംഭകരും കർഷകസമൂഹവും ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരും ദീർഘകാലമായി ചൂണ്ടികാണിച്ചിരുന്ന പ്രശ്നങ്ങൾക്കാണ് 2024- ലെ ലൈവ് സ്റ്റോക്ക്ഫാമുകൾക്ക് ലൈസൻസ് നൽകൽ ചട്ടങ്ങളുടെ ഭേദഗതിയോടെ പരിഹാരമായിരിക്കുന്നത്.
2024- ലെ ലൈവ് സ്റ്റോക്ക്ഫാമുകൾക്ക് ലൈസൻസ് നൽകൽ ഭേദഗതി ചട്ടങ്ങളിൽ സംരംഭകർക്ക് ആശ്വാസകരമായ നിരവധി വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫാം സ്ഥാപിക്കുന്നതും നടത്തുന്നതും അസഹ്യതയുളവാക്കുന്ന പ്രവൃത്തിയായാണ് 2012- ലെ ചട്ടങ്ങൾ നിർവചിച്ചതെങ്കിൽ ആ നിർവചനത്തെ പൂർണമായും ഇപ്പോൾ റദ്ദാക്കിയിരിക്കുന്നു. ലൈവ് സ്റ്റോക്ക് ഫാം നടത്തുന്നത് ലൈസൻസ് ആവശ്യമുള്ള പ്രവർത്തിയായാണ് പുതിയ ചട്ടം നിർവചിക്കുന്നത്.