കോഴിക്കോട്: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ അന്തരിച്ചു. സി.പി.എം. അണികൾക്കിടയിൽ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന പുഷ്പൻ കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
1994 -ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേൽക്കുന്നത്. 1994 നവംബര്‍ 25-ന് തലശ്ശേരിക്കടുത്ത് കൂത്തുപറമ്പില്‍ മന്ത്രിമാരായ എംവി രാഘവനേയും കെ.സുധാകരനേയും തടയാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. കൂത്തുപറമ്പിലെ അര്‍ബന്‍ സഹകരണബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രിമാര്‍.സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട് യുഡിഎഫിലെത്തിയ എം.വി. രാഘവനെ കണ്ണൂരില്‍ പ്രവേശിപ്പിക്കില്ലെന്ന തീരുമാനത്തിലായിരുന്നു അന്ന് ഡിവൈഎഫ്‌ഐ. എന്നാല്‍ പരിയാരത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനെതിരെയുള്ള സമരം എന്ന നിലയിലാണ് കൂത്തുപറമ്പിലെ ഉപരോധസമരം സംഘടന അവതരിപ്പിച്ചത്. വെടിവെപ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെകെ രാജീവന്‍, മധു, ഷിബുലാല്‍, ബാബു, റോഷന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. പുഷ്പന്‍ അടക്കം ആറോളം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.