ദില്ലി: ദില്ലി മുഖ്യന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കെജ്രിവാളിന്‍റെ തീരുമാനത്തിന് അംഗീകാരം നൽകി പാർട്ടി. കെജ്രിവാൾ നാളെ രാജിവക്കുമെന്ന് എ എ പി അറിയിച്ചു. പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി സൗരഭ് ഭരദ്വാജാണ് ഇക്കാര്യം അറിയിച്ചത്. സത്യസന്ധത തെളിയിക്കാനാണ് കെജ്രിവാൾ രാജിവയ്ക്കുന്നതെന്നും അദ്ദേഹം വിവരിച്ചു. ലോകത്തിന്റെ എല്ലാം കോണിലും അരവിന്ദ് കെജ്രിവാളിന്റെ രാജിയെക്കുറിച്ചാണ് ചർച്ച. ആദ്യമായാണ് സത്യസന്ധതയുടെ പേരിൽ ഒരു തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. കെജ്രിവാൾ ഒറ്റക്ക് പോരാടി പുറത്ത് വന്നു. ദില്ലിയിലെ ജനങ്ങൾ പറയുന്നത് നാളെ തന്നെ വോട്ട് ചെയ്ത് അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രിയാക്കുമെന്നാണെന്നും സൗരഭ് ഭരദ്വാജ് അഭിപ്രായപ്പെട്ടു.കെജ്രിവാളിന്റെ തീരുമാനത്തെ ദില്ലിയിലെ ജനങ്ങൾ പ്രശംസിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ പുതിയ മുഖ്യമന്ത്രി ആരെന്നത് അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുമെന്നും സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. ദില്ലി മുഖ്യമന്ത്രിയെ കേന്ദ്ര സർക്കാർ വേട്ടയാടുന്നതിൽ ജനങ്ങൾ രോഷത്തിലാണെന്നും ഇത് തെരഞ്ഞെടുപ്പിൽ കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു.
53 Less than a minute