ബെംഗളൂരു: രേണുക സ്വാമി കൊലപാതക കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രശസ്ത കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ജയിലില്‍ വിഐപി പരിഗണനയും സൗകര്യങ്ങളും. ഇതിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതോടെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കര്‍ണാടക ഡിജിപി. കൊലപാതക കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രശസ്ത കന്നഡ സൂപ്പര്‍താരം പകൽ വെളിച്ചത്തിൽ മറ്റ് മൂന്ന് പേർക്കൊപ്പം കറങ്ങി നടക്കുന്ന ഒരു ചിത്രമാണ് വൈറലായത്. തുറസ്സായ ഗ്രൗണ്ടിൽ പ്ലാസ്റ്റിക് കസേരകളിൽ ഇരുന്നു പുൽത്തകിടിയില്‍ സൗഹൃദ സംഭാഷണം നടത്തുന്നതാണ് ഫോട്ടോയില്‍ ഉള്ളത്.
നിലവിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന ദർശൻ വലതു കൈയിൽ ഒരു കപ്പും മറ്റേ കൈയിൽ സിഗരറ്റും പിടിച്ചാണ് ചിത്രത്തില്‍ കാണുന്നത്. ഇതോടെ ദര്‍ശന് ജയിലില്‍ വിഐപി പരിഗണനയില്‍ സുഖ ജീവിതമാണ് എന്നാണ് ആരോപണം ഉയര്‍ന്നത്.