BREAKINGNATIONAL

ഗംഗയിലൂടെ ട്രെയിന്‍ ഓടിയിരുന്നോ? അത്ഭുതപ്പെടുത്തി നദിയുടെ അടിത്തട്ടില്‍ കണ്ടെത്തിയ റെയില്‍വേ ട്രാക്കുകള്‍

എല്ലാ വര്‍ഷവും നിശ്ചിത കാലത്തേക്ക് ഉത്തര്‍പ്രദേശ് ജലസേചന വകുപ്പ് അറ്റകുറ്റപ്പണികള്‍ക്കായി ഗംഗാ കനാല്‍ അടയ്ക്കാറുണ്ട്. ഈ സമയങ്ങളില്‍ ഈ പ്രദേശത്തെ ജലനിരപ്പ് ഗണ്യമായി കുറയുന്നതും പതിവാണ്. എന്നാല്‍ ഇത്തവണ ജലനിരപ്പ് സാധാരണയിലും താഴ്ന്നു. ഇതിന് പിന്നാലെ നദിയില്‍ റെയില്‍വേ ട്രാക്കുകള്‍ കണ്ടെത്തിയത്, ഉത്തരാഖണ്ഡ് ജലസേചന വകുപ്പിനെ മാത്രമല്ല. ഇന്ത്യന്‍ റെയില്‍വെ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തി. സംഭവം ഹരിദ്വാറിലെ ഹര്‍ കി പൗരിയിലാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗംഗാ കനാല്‍ സ്ഥിതിചെയ്യുന്നിടത്ത് ട്രെയിനുകള്‍ ഓടിയിരുന്നുവെന്നത് ദശകങ്ങളായി അവിടെ ജീവിക്കുന്നവര്‍ക്ക് പോലും അറിവില്ലായിരുന്നു.
ഹരിദ്വാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയുള്ള ഗംഗാ നദിയുടെ അടിത്തട്ടിലാണ് പഴയ റെയില്‍ വേ ട്രാക്കുകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളം വറ്റിയ നദിയില്‍ ട്രാക്കുകള്‍ കണ്ടെത്തിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ചോദ്യങ്ങളുമായെത്തിയത്. ഈ ട്രാക്കുകള്‍ എപ്പോള്‍ നിര്‍മ്മിച്ചതാണെന്നും എന്ത് ഉദ്ദേശ്യത്തില്‍ നിര്‍മ്മിച്ചതാണെന്നുമാണ് പ്രധാന ചോദ്യങ്ങള്‍.
പിന്നാലെ നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പുറത്ത് വന്നു. എന്നാല്‍, 1850 -കളില്‍ ഗംഗാ കനാലിന്റെ നിര്‍മ്മാണ സമയത്താണ് ഈ ട്രാക്കുകള്‍ നിര്‍മ്മിക്കപ്പെട്ടതെന്നും കനാല്‍ നിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികള്‍ പെട്ടെന്ന് എത്തിച്ചിരുന്ന കൈവണ്ടികള്‍ ഒടിക്കുന്നതിനാണ് ട്രാക്ക് ഉപയോഗിച്ചിരുന്നതെന്നും പ്രദേശത്തെ ദീര്‍ഘകാല താമസക്കാരനായ ആദേശ് ത്യാഗി പറഞ്ഞു. ഭീംഗോഡ ബാരേജ് മുതല്‍ ഡാം കോത്തി വരെയുള്ള ഡാമും തടയണയും പൂര്‍ത്തിയായ ശേഷം ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഈ ട്രാക്കുകള്‍ അവയുടെ പരിശോധനയ്ക്കായും ഉപയോഗിച്ചിരുന്നു. അക്കാലത്തെ ബ്രിട്ടീഷ് ഗവര്‍ണറായിരുന്ന ഡല്‍ഹൗസി പ്രഭുവിന്റെ പ്രധാന പദ്ധതിയായിരുന്നു ഗംഗാ കനാല്‍ നിര്‍മ്മാണം. എഞ്ചിനീയര്‍ തോമസ് കൗട്ട്‌ലിയുടെ മേല്‍നോട്ടത്തിലാണ് ഇത് നിര്‍മ്മിച്ചതെന്നും ചരിത്ര വിദഗ്ധന്‍ പ്രൊഫസര്‍ സഞ്ജയ് മഹേശ്വരിയും പറയുന്നെന്ന് ന്യൂസ് 18 നും റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button