യു.എന്‍.: ഗാസയിലെ യുദ്ധത്തിനിടെ പലസ്തീന്‍കാര്‍ക്കുനേരേ ഇസ്രയേല്‍ പട്ടിണിയും ആയുധമാക്കിയെന്ന് ഐക്യരാഷ്ട്രസഭയുടെ (യു.എന്‍.) സ്വതന്ത്രാന്വേഷണ റിപ്പോര്‍ട്ട്.
ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ യു.എന്‍. നിയോഗിച്ച ഒറിഗോണ്‍ സര്‍വകലാശാലാ നിയമവിഭാഗം പ്രൊഫസര്‍ മിഖായേല്‍ ഫഖ്റിയുടേതാണ് റിപ്പോര്‍ട്ട്. ഗാസക്കാരുടെ ഭക്ഷണത്തിനുള്ള അവകാശം ഹനിക്കപ്പെട്ടോയെന്നാണ് ഫഖ്‌റി പ്രധാനമായും അന്വേഷിച്ചത്.
ഒക്ടോബര്‍ ഏഴിന്റെ ഹമാസ് ആക്രമണത്തിനുപിന്നാലെ ഇസ്രയേല്‍, ഗാസക്കാര്‍ക്ക് ഭക്ഷണവിതരണം തടഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധം തുടങ്ങി രണ്ടുദിവസത്തിനകം ഗാസക്കാരിലേക്ക് കുടിവെള്ളം, ഭക്ഷണം, മറ്റു അവശ്യവസ്തുക്കള്‍ എന്നിവയെത്തുന്നതിന് ഇസ്രയേല്‍ നിരോധനമേര്‍പ്പെടുത്തി. യു.എസടക്കമുള്ള സഖ്യകക്ഷികളില്‍നിന്നുള്‍പ്പെടെ അന്താരാഷ്ട്രസമ്മര്‍ദം കനത്തതോടെയാണ് ഗാസയില്‍ സഹായമെത്തിക്കുന്നതിനായി നെതന്യാഹുസര്‍ക്കാര്‍ ചില അതിര്‍ത്തികളുള്‍പ്പെടെ തുറന്നതും വിട്ടുവീഴ്ചകള്‍ ചെയ്തതുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബറില്‍ ഗാസയിലെ 80 ശതമാനം ആളുകളും പട്ടിണി അഭിമുഖീകരിച്ചിരുന്നെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ഗാസയില്‍ ജീവകാരുണ്യസഹായം എത്തിക്കുന്നതിന് ഇസ്രയേല്‍ തടസ്സംനിന്നെന്ന വാദങ്ങള്‍ കള്ളവും അതിരുകടന്നതുമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ശനിയാഴ്ച രാത്രി ഗാസയിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഡസനിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസയിലെ 6.4 ലക്ഷം കുട്ടികള്‍ക്ക് രണ്ടാം ഡോസ് പോളിയോ തുള്ളിമരുന്ന് നല്‍കാനുള്ള യജ്ഞം ശനിയാഴ്ചയോടെ ഏതാണ്ട് പൂര്‍ത്തിയായി.
61 Less than a minute