ഗ്ലാമറസ് റോളുകള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ തന്റെ കാഴ്ചപ്പാടുകള്‍ മാറിയെന്ന് നടി ആരാധ്യ ദേവി. ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ഏതു കഥാപാത്രത്തിനും താന്‍ തയാറാണെന്നും ആവേശത്തോടെ അത്തരം സിനിമകള്‍ക്കായി കാത്തിരിക്കുകയാണെന്നും ആരാധ്യ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
ഗ്ലാമര്‍ എന്നത് വളരെ വ്യക്തിപരമാണ്. എന്നെ സംബന്ധിച്ച് അത് ശാക്തീകരണമാണ്. ഒരു നടിയെന്ന നിലയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാണ് നിര്‍ണായകമെന്ന് ഞാന്‍ കരുതുന്നു. ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ഏതു റോളിനും ഞാന്‍ തയാറാണ്. അതെക്കുറിച്ച് എനിക്ക് പശ്ചാത്താപമില്ല. മികച്ച റോളുകള്‍ക്കായി ആവേശത്തോടെ കാത്തിരിക്കുന്നുവെന്നും ആരാധ്യ കുറിച്ചു.
ശ്രീലക്ഷ്മി എന്ന പേരിലാണ് 22 വയസു വരെ ആരാധ്യ ദേവി അറിയപ്പെട്ടത്. താന്‍ കേട്ടിട്ട് പോലുമില്ലാതിരുന്ന സംവിധായകന്‍ റാം ഗോപാല്‍ വര്‍മ്മ ഒരു ട്വീറ്റിലൂടെ കേരളത്തില്‍ നിന്നും കണ്ടെത്തി. ‘സാരി’ എന്ന ചിത്രത്തില്‍ നായികയാക്കി. ശ്രീലക്ഷ്മി എന്ന ആരാധ്യ യെസ് പറയും മുന്‍പേ, തന്റെ ഓഫീസ് ചുമരില്‍ നായികമാര്‍ക്കുള്ള സ്ഥാനത്ത് ആരാധ്യയുടെ ചിത്രം അദ്ദേഹം പതിപ്പിച്ചിരുന്നു.
കുറിപ്പിങ്ങനെ….
”ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്ന് ഞാന്‍ പണ്ട് തീരുമാനമെടുത്തിരുന്നു. 22-ാം വയസ്സില്‍ ഞാനെടുത്ത ആ തീരുമാനത്തെയും പറഞ്ഞ വാക്കുകളെയുമോര്‍ത്ത് ഇന്ന് ഞാന്‍ പശ്ചാത്തപിക്കുന്നില്ല. കാലം മാറുന്നതിനനുസരിച്ച് നമ്മുടെ വീക്ഷണങ്ങള്‍ മാറും ഒപ്പം ജീവിതാനുഭവങ്ങള്‍ നമ്മുടെ കാഴ്ചപ്പാടുകള്‍ മാറ്റുകയും ചെയ്യും. ആളുകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള എന്റെ ധാരണകള്‍ മാറി. അന്നു ഞാന്‍ പറഞ്ഞതിനെക്കുറിച്ച് ഇപ്പോള്‍ ദു:ഖമില്ല, കാരണം അത് അന്നത്തെ എന്റെ മാനസികനില വച്ചു ഞാന്‍ പറഞ്ഞതാണ്.’