BREAKINGKERALA
Trending

ചെങ്ങന്നൂര്‍-ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു: ഫൈനല്‍ ഉപേക്ഷിച്ചു

ചെങ്ങന്നൂര്‍ (ആലപ്പുഴ): പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. ഇതിനെത്തുടര്‍ന്ന് ഫൈനല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു. മുതവഴി പള്ളിയോടം പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി. ഇതിലെ തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. ഹരിദാസിന്റെയും രമണിയുടെയും മകനാണ്.
ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരത്തിലായിരുന്നു സംഭവം. കോടിയാട്ടുകരയും മുതവഴിയുമാണ് മത്സരിച്ചത്. സ്റ്റാര്‍ട്ടിങ് പോയിന്റ് പിന്നിട്ട് കുറച്ചു കഴിഞ്ഞപ്പോള്‍ ഒരേ ട്രാക്കിലെത്തിയ പള്ളിയോടങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരു പള്ളിയോടങ്ങളുടെയും തുഴച്ചിലുകാര്‍ വെള്ളത്തില്‍ വീണു.
തലകീഴായി വെള്ളത്തില്‍ മുങ്ങിയ മുതവഴി പള്ളിയോടത്തിലെ തുഴച്ചിലുകാരെ അഗ്നിരക്ഷാസേനയുടെ ബോട്ടുകളുടെ സഹായത്തോടെ രക്ഷിച്ചെങ്കിലും വിഷ്ണുവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കടവത്തിനാല്‍ക്കടവ് ഭാഗത്തുനിന്ന് വിഷ്ണുവിനെ കണ്ടെത്തി. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍എത്തിച്ചെങ്കിലും മരിച്ചെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് നടക്കേണ്ടിയിരുന്ന എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരവും ഉപേക്ഷിച്ചു.

Related Articles

Back to top button