കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ 4 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ കാമുകന്റെ വധശിക്ഷ, ജീവപര്യന്തമായി കുറച്ച് ഹൈക്കോടതി. കേസിലെ 3 പ്രതികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പ്രതികള്‍ കൊല ചെയ്‌തെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ തീരുമാനം.
2013 ഒക്ടോബര്‍ 29ന് അമ്മയും രണ്ട് കാമുകന്‍മാരും ചേര്‍ന്ന് 4 വയസുള്ള കുട്ടിയെ കൊലപ്പെടുത്തി എന്നായിരുന്നു കേസ്. കേസിലെ ഒന്നാം പ്രതി എറണാകുളം സ്വദേശി രഞ്ജിത്തിന് വധശിക്ഷയും കുട്ടിയുടെ അമ്മ രണ്ടാം പ്രതി റാണി, സുഹൃത്ത് ബേസില്‍ കെ ബാബു എന്നിവര്‍ക്ക് ജീവപര്യന്തം തടവുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. എറണാകുളം അഢീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലും ഒന്നാം പ്രതിയുടെ വധശിക്ഷ ശരിവയ്ക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ റഫറല്‍ ഹര്‍ജിയുമായിരുന്നു ഡിവിഷന്‍ ബെഞ്ചിന് മുന്നിലെത്തിയത്. എന്നാല്‍ പ്രതികള്‍ കൊലപാതകം ചെയ്തു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒന്നാം പ്രതി രഞ്ജിത്തിനെതിരെ ചുമത്തിയ പോക്‌സോ കേസും അമ്മ റാണിക്കെതിരെ ചുമത്തിയ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള കുറ്റവും കോടതി റദ്ദാക്കി. റാണിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ സൈര്യജീവിതത്തിന് തടസ്സമാകുമെന്ന് കരുതി മൂവരും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട സാക്ഷി മൊഴികളുടെ പേരില്‍ കുട്ടിയുടെ അമ്മയെ ദുര്‍നടപ്പുകാരി എന്ന് വിശേഷിപ്പിച്ചിരിക്കുന്നെന്നും ഇത് സാധൂകരിക്കുന്ന തെളിവുകളൊന്നും പ്രോസിക്യൂഷന്റെ പക്കല്‍ ഇല്ലെന്നും കോടതി പറഞ്ഞു.
64 1 minute read