BREAKINGNATIONAL

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണം; പിന്നില്‍ പാക് ഭീകരരെന്ന് പ്രതിരോധ വക്താവ്

ദില്ലി: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗ് സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഭീകരരെന്ന് പ്രതിരോധ വക്താവ്. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക, പ്രദേശവാസികളില്‍ ഭീതി ജനിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പ്രതിരോധ വക്താവ് വ്യക്തമാക്കി. ഒക്ടോബര്‍ 24നാണ് ബോട്ട പത്രി മേഖലയില്‍ സൈനിക വാഹനത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടന്നത്.
നാഗിന്‍ പോസ്റ്റിന് സമീപം നടന്ന ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും രണ്ട് നാട്ടുകാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റൈഫിള്‍മാന്‍ കൈസര്‍ അഹമ്മദ് ഷാ, റൈഫിള്‍മാന്‍ ജീവന്‍ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മുഷ്താഖ് ചൗധരി, സഹൂര്‍ അഹമ്മദ് മിര്‍ എന്നിവര്‍ ചുമട്ടുതൊഴിലാളികളായിരുന്നു.
സൈനിക വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതിന് പിന്നാലെ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇതോടെ ആയുധങ്ങള്‍ ഉപേക്ഷിച്ച് ഭീകരര്‍ വനത്തിലേയ്ക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. വെളിച്ചക്കുറവിന്റെ ആനുകൂല്യം മുതലെടുത്തായിരുന്നു ഭീകരരുടെ ആക്രമണമെന്ന് ശ്രീനഗറിലെ പ്രതിരോധ വക്താവ് അറിയിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ പിഎഎഫ്എഫ് ഏറ്റെടുത്തിരുന്നു.
അതേസമയം, കശ്മീര്‍ താഴ്വരയിലെ തദ്ദേശീയരല്ലാത്ത തൊഴിലാളികളെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീര്‍ ഡിവിഷനിലെ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ലെഫ്.ജനറല്‍ രാജ്ഭവനില്‍ യോഗം ചേര്‍ന്നിരുന്നു. ഡിജിപി നളിന്‍ പ്രഭാത്, ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചന്ദ്രകര്‍ ഭാരതി എന്നിവര്‍ യോ?ഗത്തില്‍ പങ്കെടുത്തു. എല്ലാ സുരക്ഷാ സേനകളുടെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗവും നടന്നിരുന്നു.

Related Articles

Back to top button