ബെയ്ജിങ്: വിമാനക്കമ്പനിയില്‍ ജോലിവാഗ്ദാനം ചെയ്ത് 1.5 യുവാന്‍ (1.77 കോടി ) തട്ടിയെടുത്ത ചൈനീസ് യുവതി പിടിയില്‍. 30 കാരിയായ ‘ഷീ ‘യാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തായ്ലന്ഡില് അറസ്റ്റിലാകുന്നത്. പൊലീസിന്റെ കണ്ണുവെട്ടിക്കാന്‍ പലതവണ പ്ലാസ്റ്റിക് സര്‍ജറി നടത്തി രൂപവും വേഷവും മാറിയാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.
യുവതി പതിവായി മുഖം മറയ്ക്കുന്നതും മാസ്ക് ധരിക്കുന്നതും ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ അനധികൃത കുടിയേറ്റക്കാരിയാണെന്ന സംശയത്തില്‍ ഇമിഗ്രേഷന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി അറസ്റ്റിലാവുന്നത്. തായ്ലന്ഡിലെ ഇവരുടെ വിസ കാലാവധി അവസാനിച്ചതായും പൊലീസ് കണ്ടെത്തി.
ഷീ തന്റെ തട്ടിപ്പ് തുടങ്ങിയിട്ട് ഏകദേശം പത്തുവര്ഷത്തോളമായെന്നാണ് കണ്ടെത്തല്‍. 2016-2019 കാലയളവിലാണ് കൂടുതല്‍ പേര് ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്. പ്രമുഖ വിമാനകമ്പനികളുമായി ബന്ധമുണ്ടെന്ന വ്യാജേന യുവതി ആളുകളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ശേഷം ഫ്ലൈറ്റ് അറ്റന്‍ഡന്റ് ആയി ജോലി നല്‍കാമെന്ന് വാഗ്ദാനം നല്കി വന്‍ തുക കൈക്കലാക്കി. ആളുകള്‍ തട്ടിപ്പ് മനസിലാക്കുന്നതിനു മുന്‍പേ ഷീ രാജ്യം വിട്ടു.
ഷീ യെ ഉദ്യോഗസ്ഥര്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതിക്കായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായും തായ് അധികൃതര്‍ വെളിപ്പെടുത്തി. തട്ടിപ്പ് നടത്തി സമ്പാദിച്ച പണമുപയോഗിച്ചാണ് യുവതി പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപമാറ്റം നടത്തിയത്. ചൈനയ്ക്ക് കൈമാറും മുന്‍പ് തായ് വിസ നിയമ ലംഘനത്തിനുള്പ്പെടെയുള്ള കേസുകള്‍ പ്രതിക്കെതിരെ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
36 1 minute read