ടിപി പ്രതികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കില്ലെന്ന് ജയിൽ മേധാവി. എന്നാൽ അന്തിമ തീരുമാനം പിന്നീടെന്ന് ജയിൽ സൂപ്രണ്ട്. ഇരുവരും പരസ്പര വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. ശിക്ഷാ ഇളവിനുള്ള പട്ടിക തയ്യാറാക്കിയത് ചട്ടപ്രകാരമെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. 2022-ലെ ആഭ്യന്തര വകുപ്പിറക്കിയ ചട്ടം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്. അതിൽ ടി പി വധക്കേസ് പ്രതികളുടെ പേരുൾപ്പെട്ടിട്ടുണ്ട്. പൊലീസ്, പ്രൊബേഷൻ റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ അന്തിമ പട്ടിക നൽകൂവെന്നും ജയിൽ സൂപ്രണ്ട് വ്യക്തമാക്കി. പുതുക്കിയ പട്ടികയിൽ ടി പി വധക്കേസ് പ്രതികളില്ലെന്നായിരുന്നു ജയിൽ മേധാവി അറിയിച്ചത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തയ്യാറാക്കിയ പട്ടികയിലാണ് പ്രതികളുടെ പേര് ഉൾപ്പെട്ടിരുന്നത്. സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയ്യാറാക്കിയപ്പോള്‍ ടി പി കേസിൽ ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ ഉള്‍പ്പെടുത്തുകയായിരുന്നു. പൊലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാരിന് ഉത്തരവിറക്കാനാകും. അതില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെയാണ് പ്രതികള്‍ക്ക് പുറത്തിറങ്ങാനാവുക. ശിക്ഷാ ഇളവ് നല്‍കാന്‍ ജയില്‍ സുപ്രണ്ട് പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നൽകിയിരുന്നു.